News

മിഷ്ണറിമാരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷം നാളെ മുതല്‍ വത്തിക്കാനില്‍

പ്രവാചകശബ്ദം 03-10-2025 - Friday

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി മിഷ്ണറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷം നാളെ മുതല്‍ വത്തിക്കാനില്‍. സമഗ്ര മാനവിക വികസനത്തിനായുള്ള ഡിക്കാസ്റ്ററിയുടെയും സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെയും സഹകരണത്തോടെ ഒക്ടോബർ 4, 5 തീയതികളിലായാണ് മിഷ്ണറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും ജൂബിലി ആഘോഷങ്ങൾ നടത്തുന്നത്. ഇന്ത്യയുൾപ്പെടെ നൂറോളം രാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് തീർത്ഥാടകർ ചടങ്ങുകളിൽ പങ്കുചേരുമെന്നാണ് കണക്കുകൂട്ടുന്നത്.

രണ്ട് വ്യത്യസ്ത സമൂഹങ്ങളെയാണ് പ്രതീക്ഷിക്കുന്നതെങ്കിലും, വത്തിക്കാനിൽ പാപ്പ അനുവദിക്കുന്ന പൊതുകൂടിക്കാഴ്ച, ഞായറാഴ്ച അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലി തുടങ്ങി വിവിധ ജൂബിലി ആഘോഷങ്ങൾ ഒരുമിച്ചായിരിക്കും നടക്കുകയെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററി ഒക്ടോബർ ഒന്നാം തീയതി പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു. സന്യസ്തരും അല്‍മായരും ഉൾപ്പെടുന്ന മിഷ്ണറിമാർക്കും, അജപാലനമേഖലയിൽ സേവനമനുഷ്ഠിക്കുന്ന ആളുകൾക്കും, മിഷ്ണറി മേഖലയുമായി ബന്ധപ്പെട്ട സംഘടനകൾക്കുമായാണ് മിഷ്ണറി ജൂബിലി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.

ശനിയാഴ്ച രാവിലെ പത്ത് മണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ലെയോ പതിനാലാമൻ പാപ്പ അനുവദിക്കുന്ന പൊതുകൂടിക്കാഴ്ച സമ്മേളനത്തോടെയാകും ജൂബിലിയാഘോഷം ആരംഭിക്കുക. ജൂബിലിക്കായി റോമിലെത്തിയിരിക്കുന്ന എല്ലാ തീർത്ഥാടകർക്കും ഈ പൊതുകൂടിക്കാഴ്ചയിൽ പങ്കെടുക്കാനാകും. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ച് വരെ മിഷ്ണറി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെ ജൂബിലിയിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധ വാതിൽ കടക്കാനുളള സൗകര്യമൊരുക്കിയിട്ടുണ്ട്.

വൈകുന്നേരം അഞ്ച് മുതൽ ആറേമുക്കാൽ വരെ പൊന്തിഫിക്കൽ ഉർബാനിയൻ യൂണിവേഴ്സിറ്റിയിൽ "ജനതകൾക്കിടയിലേക്കുള്ള ഇന്നത്തെ മിഷൻ: പുതിയ ചക്രവാളങ്ങളിലേക്ക്" എന്ന പേരിൽ ഒരുക്കിയിരിക്കുന്ന അന്താരാഷ്ട്ര മിഷ്ണറി സമ്മേളനത്തിൽ തീർത്ഥാടകർക്ക് പങ്കെടുക്കാന്‍ അവസരമുണ്ടാകും. സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയിലെ പ്രഥമ സുവിശേഷവത്കരണത്തിനും പുതിയ പ്രാദേശിക സഭകൾക്കും വേണ്ടിയുള്ള വിഭാഗമാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

ഏഴര മുതൽ എട്ടര വരെയുള്ള സമയത്ത്, വത്തിക്കാൻ പരിസരത്തുള്ള ദേവാലയങ്ങളിലായി, വിവിധ രാജ്യങ്ങളിൽനിന്നെത്തിയ തീർത്ഥാടകർക്ക് വിവിധ ഭാഷകളിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കാനുള്ള അവസരവുമൊരുക്കിയിട്ടുണ്ട്. വൈകിട്ട് ഒൻപത് മണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ "അന്താരാഷ്ട്ര മിഷ്ണറി ജപമാല" പ്രാർത്ഥന നടക്കും. ഞായറാഴ്ച രാവിലെ പത്തരയ്ക്ക് ലെയോ പതിനാലാമൻ പാപ്പ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വിശുദ്ധ ബലി അര്‍പ്പിക്കും.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »