News - 2026
ജൂബിലി വര്‍ഷത്തില്‍ വത്തിക്കാൻ സന്ദർശിച്ചത് 3 ദശലക്ഷത്തിലധികം വിശ്വാസികൾ
പ്രവാചകശബ്ദം 31-12-2025 - Wednesday
വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷത്തില്‍ വത്തിക്കാൻ സന്ദർശിച്ചത് മൂന്നു ദശലക്ഷത്തിലധികം വിശ്വാസികളെന്ന് വത്തിക്കാന്റെ സ്ഥിരീകരണം. മെയ് തുടക്കത്തിൽ ലെയോ പതിനാലാമൻ മാർപാപ്പ തിരുസഭയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ദശലക്ഷകണക്കിന് വിശ്വാസികളാണ് വത്തിക്കാനിലെത്തിയത്. വത്തിക്കാനിലെ പേപ്പൽ സദസ്സുകളിലും ആരാധനക്രമ തിരുക്കര്‍മ്മങ്ങളിലും 3,176,620 പേർ പങ്കെടുത്തുവെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
പൊതുവായ പരിപാടികള്‍, വിവിധ ജൂബിലി ആഘോഷങ്ങള്‍, പാപ്പ പങ്കെടുത്ത വിവിധ സദസ്സുകൾ, ത്രികാല പ്രാര്‍ത്ഥനാവേളകള്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളില്‍ പങ്കെടുത്ത വിശ്വാസികളുടെ എണ്ണമാണ് പേപ്പല്‍ ഹൗസ്‌ഹോൾഡ് പ്രിഫെക്ചർ വെളിപ്പെടുത്തിയ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ, ഫ്രാൻസിസ് മാർപാപ്പയുടെ അനാരോഗ്യം കാരണം വത്തിക്കാനിൽ പരിമിതമായ എണ്ണം പരിപാടികൾ മാത്രമേ നടന്നിരുന്നുള്ളൂ. ഏപ്രിൽ വരെയുള്ള കാലയളവിൽ വത്തിക്കാനിൽ നടന്ന പേപ്പല്‍ സദസ്സുകളിലും ആരാധനാക്രമ ആഘോഷങ്ങളിലും 250,000-ത്തിലധികം ആളുകൾ പങ്കെടുത്തതായി പേപ്പൽ ഹൗസ്‌ഹോൾഡ് പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. ആ കാലയളവിൽ 262,820 പേർ വത്തിക്കാൻ സന്ദർശിച്ചു.
മെയ് 8-ന് ലെയോ പതിനാലാമൻ മാർപാപ്പ പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം, 29,13,800 സന്ദർശകർ വത്തിക്കാനിലെത്തി. 36 ജനറൽ, ജൂബിലി പരിപാടികളില്‍ 1,069,000 വിശ്വാസികൾ പങ്കെടുത്തു. കൂടാതെ, 796,500 പേർ ആരാധനാക്രമ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തുവെന്നും 900,000 പേർ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനയ്ക്കായി എത്തിയെന്നും കണക്കുകള്‍ ചൂണ്ടികാണിക്കുന്നു. ഡിസംബറിൽ മാത്രം ലെയോ പാപ്പയോടൊപ്പം ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത് 250,000 വിശ്വാസികളായിരിന്നു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















