News
ജൂബിലി വര്‍ഷത്തിലെ ഫ്രാൻസിസ് പാപ്പയുടെ സ്വര്‍ഗ്ഗീയ യാത്രയും ലെയോ പാപ്പയുടെ തെരഞ്ഞെടുപ്പും
പ്രവാചകശബ്ദം 30-12-2025 - Tuesday
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ സ്വര്‍ഗ്ഗീയ യാത്ര, പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പ് തുടങ്ങീ 2025 ജൂബിലി വര്‍ഷം കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ഏറെ ശ്രദ്ധ നേടിയ വര്‍ഷമായിരിന്നു. വിശ്വാസികളോടുള്ള അടുപ്പം, ദരിദ്രരോടുള്ള സ്നേഹസമീപനം, സഭാതലത്തില്‍ സ്വീകരിച്ച ശ്രദ്ധേയമായ തീരുമാനങ്ങള്‍ എന്നിവയിലൂടെ ആഗോള ശ്രദ്ധ നേടിയ ഫ്രാന്‍സിസ് പാപ്പ ഈ വര്‍ഷം ഏപ്രിൽ 21 ഈസ്റ്ററിന് പിറ്റേന്നുള്ള തിങ്കളാഴ്ച നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരിന്നെങ്കിലും പലതവണ ആരോഗ്യ നില വഷളായപ്പോഴും വത്തിക്കാനില്‍ നിന്നു പിന്നീട് ശുഭസൂചനകള്‍ വന്നിരിന്നു.
ഈസ്റ്റര്‍ ദിനത്തിലെ പതിവ് ഊര്‍ബി ഏത് ഓര്‍ബി സന്ദേശം ഒഴിവാക്കിയെങ്കിലും പാപ്പ ആശീര്‍വാദം നല്‍കി. പിറ്റേന്നുള്ള ഫ്രാന്‍സിസ് പാപ്പയുടെ മരണം ലോകത്തെ അഗാധദുഃഖത്തിലാഴ്ത്തി. അഞ്ചു ദിവസത്തിന് ശേഷം ഏപ്രില്‍ 26നു അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കളുടെ സാന്നിധ്യത്തില്‍ പാപ്പയ്ക്ക് ആഗോള ജനതയുടെ യാത്രാമൊഴി. മുന്‍ പാപ്പകളില്‍ നിന്നു വ്യത്യസ്തമായി സെന്‍റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് ഫ്രാന്‍സിസ് പാപ്പയെ അടക്കം ചെയ്തത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇവിടെ തന്നെ സംസ്ക്കരിക്കണമെന്ന് പാപ്പ ആഗ്രഹം പ്രകടിപ്പിച്ചിരിന്നു. ഇന്നു ആയിരങ്ങള്‍ സന്ദര്‍ശിക്കുന്ന ഇടമാണ് സെന്റ് മേരി മേജര്‍ ബസിലിക്ക.
ലെയോ പതിനാലാമൻ പാപ്പ
ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങിയ ശേഷം മെയ് മാസത്തിൽ വിളിച്ചുകൂട്ടിയ കോൺക്ലേവിനെത്തുടർന്നാണ് വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായി ലെയോ പാപ്പയെ തെരഞ്ഞെടുത്തത്. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ കോണ്‍ക്ലേവ് സമ്മേളനം നടക്കുമ്പോള്‍ മാധ്യമ പ്രവചനങ്ങള്‍ നിരവധിയായിരിന്നെങ്കിലും അവയെ അസ്ഥാനത്താക്കിയാണ് മെയ് 8നാണ് അഗസ്റ്റീനിയന്‍ സന്യാസ സമൂഹാംഗമായ കര്‍ദ്ദിനാള്‍ റോബർട്ട് പ്രെവോസ്റ്റ് തിരുസഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.
കർദ്ദിനാൾ സംഘത്തിലെ മുതിർന്നയാൾ പ്രോട്ടോഡീക്കന്‍ കർദ്ദിനാൾ ഡൊമിനിക് മാംബർട്ടി സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി 'ഹാബേമുസ് പാപ്പാം' (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തി. ലെയോ പതിനാലാമന്‍ പാപ്പ എന്ന പേരാണ് അദ്ദേഹം സ്വീകരിച്ചത്.
പിന്നാലെ പുതിയ മാർപാപ്പ വിശ്വാസികൾക്കുമുന്നിൽ പ്രത്യക്ഷനായി. നിറകണ്ണുകളോടെ കൈവീശികാണിച്ചുള്ള പാപ്പയുടെ ആദ്യ ദൃശ്യം ലോകജനത ടെലിവിഷനിലൂടെയും നവമാധ്യമങ്ങളിലൂടെയും കണ്ടു. ക്രിസ്തു കേന്ദ്രീകൃതമായ പ്രസംഗങ്ങളിലൂടെയും പാവങ്ങളോടുള്ള സമീപനത്തിലൂടെയും ലെയോ പതിനാലാമന്‍ പാപ്പ ചുരുങ്ങിയ സമയംക്കൊണ്ട് ശ്രദ്ധ നേടി. ആഗോള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനല്ല, സുവിശേഷം പങ്കുവെയ്ക്കുന്നതിനാണ് തന്റെ മുൻഗണനയെന്ന് പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി അനുവദിച്ച ഔപചാരിക അഭിമുഖത്തില്‍ ലെയോ പതിനാലാമന്‍ പാപ്പ വ്യക്തമാക്കിയിരിന്നു.
ഈ മാസം നടന്ന തുര്‍ക്കി സന്ദര്‍ശനത്തിനിടെ പ്രസിദ്ധമായ ബ്ലൂ മോസ്ക്കില്‍ പാപ്പ എത്തിയിരിന്നു. ഇവിടെ പ്രാര്‍ത്ഥിക്കാനുള്ള ഇമാമിന്റെ ക്ഷണം പാപ്പ നിരസിച്ചത് ഏറെ ചര്‍ച്ചയായി. മതമൈത്രിയുടെ ഭാഗമായി പതിനേഴാം നൂറ്റാണ്ടിലെ മോസ്ക്ക്, പാപ്പ ചുറ്റി സന്ദര്‍ശിച്ചെങ്കിലും ഇവിടെ പ്രാര്‍ത്ഥന നടത്തുന്നതു ഒഴിവാക്കുകയായിരിന്നു. സൈബര്‍ യുഗത്തിലെ അപ്പസ്തോലന്‍ കാർളോ അക്യുട്ടിസിനെയും പിയർ ജോർജിയോ ഫ്രാസാത്തിയെയും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയും ലെയോ പാപ്പ ശ്രദ്ധ നേടി. പുതുവര്‍ഷത്തിനായി നാം തയാറെടുക്കുമ്പോള്‍ തിരുസഭയ്ക്കു വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?





















