News - 2026

ജൂബിലി ആചരണത്തിന് ഇന്നു വത്തിക്കാനില്‍ ഔദ്യോഗിക പരിസമാപ്തിയാകും

പ്രവാചകശബ്ദം 06-01-2026 - Tuesday

വത്തിക്കാന്‍ സിറ്റി: എപ്പിഫനി തിരുനാളിലെ വിശുദ്ധ ബലിയർപ്പണത്തിനും, ജൂബിലി വർഷത്തിന്റെ അവസാനം കുറിക്കുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ അടയ്ക്കുന്ന ചടങ്ങിനു ലെയോ പതിനാലാമൻ പാപ്പ മുഖ്യ കാർമ്മികത്വം വഹിക്കും. വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ പ്രാദേശിക സമയം ഇന്നു രാവിലെ 9.30-നായിരിക്കും (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞു രണ്ടു മണിക്ക്) ചടങ്ങുകൾ നടക്കുക.

“ഒരു തിരിനാളം പോലെ എന്റെ പ്രതീക്ഷ എരിയുന്നു, എന്റെ ഗാനം അങ്ങിലേക്കുയരട്ടെ” എന്ന് തുടങ്ങുന്ന, ജൂബിലിയുടെ ഔദ്യോഗിക ഗാനം ലത്തീൻ ഭാഷയിൽ ആലപിച്ചുക്കൊണ്ട് ചടങ്ങുകൾക്കു തുടക്കമാകും. തുടർന്ന് നടക്കുന്ന പ്രാർത്ഥനകൾക്ക് ശേഷം പരിശുദ്ധ പിതാവ് വിശുദ്ധ വാതിലിനരികിൽ മുട്ടുകുത്തുകയും, നിശബ്ദമായ പ്രാർത്ഥനയ്ക്ക് ശേഷം ഈ വാതിൽ അടയ്ക്കുകയും ചെയ്യും. വിശുദ്ധ വാതിൽ അടച്ചുകഴിഞ്ഞ് പരിശുദ്ധ പിതാവും മറ്റുള്ളവരും ബസിലിക്കയിലെ പ്രധാന അൾത്താരയിലേക്ക് പോവുകയും വിശുദ്ധ ബലിയർപ്പണം തുടരുകയും ചെയ്യും.

വിശുദ്ധ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾ 1975-ലെ ജൂബിലിക്കായി തയ്യാറാക്കിയ ക്രമത്തിന്റെ 2000-ൽ ലഘൂകരിച്ച രൂപമനുസരിച്ചായിരിക്കും നടക്കുക. ഇതനുസരിച്ച്, പരസ്യമായി വിശുദ്ധ വാതിൽ ഭിത്തി കെട്ടി അടയ്ക്കുന്ന ചടങ്ങുകൾ ഇത്തവണയും ഉണ്ടാകില്ല. വിശുദ്ധ വാതിൽ അടച്ചുകഴിഞ്ഞ് പത്തോളം ദിവസങ്ങൾക്ക് ശേഷമായിരിക്കും ഇത് നടക്കുക. "സാൻ പിയെത്രീനി" എന്ന പേരിൽ വിളിക്കപ്പെടുന്ന, ബസിലിക്കയിലെ പ്രവർത്തകരായിരിക്കും വാതിലിന് പിന്നിലെ ഭിത്തിയുടെ നിർമ്മാണം നടത്തുക. ഭിത്തിക്കുള്ളിൽ, ജൂബിലി വാതിൽ അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ, ജൂബിലി വർഷത്തിൽ തയ്യാറാക്കിയ നാണയങ്ങൾ, വിശുദ്ധ വാതിലിന്റെ താക്കോൽ എന്നിവയടങ്ങുന്ന ലോഹപേടകവും അടക്കം ചെയ്യും.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍


Related Articles »