News - 2026
'പ്രാർത്ഥനാപൂർവ്വമുള്ള തീരുമാനം'; മെത്രാഭിഷേകത്തിന് മുന്‍പ് സ്ഥാനം വേണ്ടെന്നുവെച്ച് ഫിലിപ്പീൻ വൈദികൻ
പ്രവാചകശബ്ദം 05-05-2026 - Tuesday
മനില: ഫിലിപ്പീന്‍സിലെ ടാഗ്ബിലാരന്‍ രൂപതാധ്യക്ഷനായി നിയമിതനായ കത്തോലിക്ക വൈദികന് സ്ഥാനം നിഷേധിച്ചു. മാനുഷിക പരിമിതികളും അപര്യാപ്തതകളും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മെത്രാനായി നിയമിക്കപ്പെട്ട ഫാ. ജെറാർഡോ സാക്കോ ജൂനിയർ സ്ഥാനം ഏറ്റെടുക്കുവാനുള്ള വിസമ്മതം പ്രകടിപ്പിച്ചത്. ഇക്കാര്യം അപ്പസ്തോലിക് ന്യൂണ്‍ഷോ വഴി അദ്ദേഹം മാര്‍പാപ്പയെ അറിയിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനാപൂര്‍വ്വമായ വിചിന്തനത്തിന് ശേഷമാണ് തന്റെ സ്വന്തം മാനുഷിക പരിമിതികളെയും അപര്യാപ്തതകളെയും കുറിച്ചുള്ള ആഴത്തിലുള്ള അവബോധത്തിൽ നിന്നു ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു.
2025 സെപ്റ്റംബറിൽ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് ആൽബെർട്ടോ ഉയ് സെബുവിലെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചതിന് ശേഷം ടാഗ്ബിലാരന്‍ രൂപതയില്‍ മെത്രാനില്ലായിരിന്നു. ഈ പശ്ചാത്തലത്തിലാണ് ടാഗ്ബിലാരൻ രൂപതയെ നയിക്കാൻ ഫാ. ജെറാർഡോ സാക്കോയെ ലെയോ പതിനാലാമൻ മാർപാപ്പ ഉത്തരവാദിത്വം ഭരമേല്പ്പിക്കുന്നത്. മെയ് 26 ന് മെത്രാഭിഷേകവും സ്ഥാനാരോഹണവും നിശ്ചയിച്ചിരിക്കുകയായിരിന്നു. ഇതിനിടെയാണ് മെത്രാന് പദവി നിരസിച്ചും ഉയിർത്തെഴുന്നേറ്റ കർത്താവിലുള്ള വിശ്വാസത്തോട് ചേര്‍ന്നു സമൂഹത്തോട് ഒപ്പം യാത്ര ചെയ്യുന്നതിനു പുരോഹിതനായി തുടരാനുള്ള സന്നദ്ധത അറിയിച്ചും അദ്ദേഹം പ്രസ്താവന പുറത്തിറക്കിയത്.
വിഷയം ന്യൂൺഷ്യോ വഴി മാര്‍പാപ്പയെ അറിയിച്ചതിനെത്തുടർന്ന് വത്തിക്കാൻ ഫാ. സാക്കോയുടെ തീരുമാനം അംഗീകരിച്ചതായി ആർച്ച് ബിഷപ്പ് ആൽബെർട്ടോ ഉയുയ് പറഞ്ഞു. ടാഗ്ബിലാരൻ രൂപതയിലെ വിശ്വാസികൾക്ക് ഇടയില്‍ ഇത് ദുഃഖത്തിന് കാരണമായിട്ടുണ്ടെന്നും എന്നിരുന്നാലും, പ്രാർത്ഥനാപൂർവ്വവുമായ വിവേചനത്തിന് ശേഷമാണ് ഫാ. സാക്കോ തീരുമാനമെടുത്തതെന്ന് കരുതുന്നുവെന്നും അതിനെ ബഹുമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















