News - 2026

എഫ്‌സി‌ആര്‍‌എ ഭേദഗതി: ക്രൈസ്തവർക്കെതിരായ വ്യക്തമായ ആക്രമണമെന്ന് അമേരിക്കയിലെ റിപ്പബ്ലിക്കൻ എംപി

പ്രവാചകശബ്ദം 06-08-2026 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: കേന്ദ്ര സർക്കാർ നടപ്പാക്കുന്ന എഫ്സിആർഎ ഭേദഗതി നിയമം ക്രൈസ്തവർക്കെതിരായ വ്യക്തമായ ആക്രമണമാണെന്ന് അമേരിക്കയിലെ റിപ്പബ്ലിക്കൻ എംപി. വെസ്റ്റ് വെർജീനിയയിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗവും പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പാർട്ടി നേതാക്കളിൽ ഒരാളുമായ റൈലി മൂറാണ് വിഷയത്തിലുള്ള ആശങ്ക പങ്കുവെച്ച് 'എക്സില്‍' പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന് ശേഷം ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ തന്നെ അപ്പസ്തോലനായ വിശുദ്ധ തോമസ് മലബാർ തീരത്ത് എത്തിയത് മുതൽ ഇന്ത്യയിൽ ക്രൈസ്തവ സാന്നിധ്യമുണ്ടെന്ന ആമുഖത്തോടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.



എന്നാൽ ഇത്രയും നീണ്ട ക്രൈസ്തവ ചരിത്രമുണ്ടായിട്ടും, പള്ളികളും മതപരമായ ജീവകാരുണ്യ സ്ഥാപനങ്ങളും സർക്കാരിന് ഏറ്റെടുക്കാൻ അനുവദിക്കുന്ന തരത്തിൽ 'ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്റ്റ്' (FCRA) ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നത് ഇന്ത്യൻ പാർലമെന്റ് പരിഗണിച്ചുവരികയാണ്. ഇത് ക്രൈസ്തവർക്കെതിരായ വ്യക്തമായ ഒരു ആക്രമണമാണ്. ഈ ബിൽ ഇതേ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ, അത് ഇന്ത്യയുമായുള്ള അമേരിക്കയുടെ ഉഭയകക്ഷി ബന്ധത്തിൽ വലിയ ആശങ്കയ്ക്ക് കാരണമാകുമെന്നും അദ്ദേഹം 'എക്സില്‍' കുറിച്ചു.

അമേരിക്കയില്‍ ഏറെ ശ്രദ്ധ നേടിയ ജനപ്രതിനിധിയും രാഷ്ട്രീയ നേതാവുമായ റൈലി മൂറിന്റെ ഈ പോസ്റ്റ് 63 ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. അയ്യായിരത്തോളം പേര് പോസ്റ്റ് വീണ്ടും പങ്കുവെച്ചിട്ടുണ്ട്. എഫ്‌സി‌ആര്‍‌എ ഭേദഗതി വിഷയംഅന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയാകുന്നതിന്റെ തെളിവായാണ് റൈലി മൂറിന്റെ പോസ്റ്റിനെ പൊതുവേ നിരീക്ഷിക്കുന്നത്. ഭേദഗതിയില്‍ ആശങ്ക പ്രകടിപ്പിച്ച് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി നേരത്തെ രംഗത്ത് വന്നിരിന്നു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »