News

ആഫ്രിക്കയുടെ കണ്ണീരൊപ്പാന്‍ കത്തോലിക്ക സന്നദ്ധ സംഘടനയ്ക്കു 235 ദശലക്ഷം ഡോളർ അനുവദിച്ച് അമേരിക്കന്‍ ഭരണകൂടം

പ്രവാചകശബ്ദം 15-07-2026 - Wednesday

വാഷിംഗ്ടണ്‍ ഡി‌സി: സുഡാനിലും എത്യോപ്യയിലും വ്യാപകമായ ഭക്ഷ്യക്ഷാമം നിലനിൽക്കുന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ സഹായം ലഭ്യമാക്കുവാന്‍ കത്തോലിക്ക സംഘടനയ്ക്കു 235 ദശലക്ഷം ഡോളർ അനുവദിച്ച് അമേരിക്കന്‍ ഭരണകൂടം. ലോകമെമ്പാടുമുള്ള മാനുഷിക, ദുരന്ത നിവാരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന കത്തോലിക്ക സന്നദ്ധ സംഘടനയായ കാത്തലിക് റിലീഫ് സർവീസസിനാണ് (CRS) അമേരിക്കന്‍ ഭരണകൂടത്തിന്റെ കൃഷി വകുപ്പ് (USDA) ഏകദേശം രണ്ടായിരം കോടി രൂപയുടെ സഹായം അനുവദിച്ചിരിക്കുന്നത്. ആഫ്രിക്കയിലെ ഭക്ഷ്യ ക്ഷാമം രൂക്ഷമായ സുഡാനിലും എത്യോപ്യയിലുംഅടിയന്തര ഭക്ഷ്യ-പോഷകാഹാര സഹായത്തിനായാണ് അമേരിക്കന്‍ ഭരണകൂടം അടിയന്തര സഹായം കൈമാറിയിരിക്കുന്നത്.

കാത്തലിക് റിലീഫ് സർവീസസ് മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നുണ്ട്. ഉടനെ തന്നെ അമേരിക്കയിൽ ഉൽപ്പാദിപ്പിച്ച 1,10,000 മെട്രിക് ടണ്ണിലധികം കാർഷിക ഉൽപ്പന്നങ്ങൾ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് എത്തിക്കുവാനാണ് തീരുമാനം. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ, ആവശ്യമുള്ളവരെ സഹായിക്കുന്നതിനായി തങ്ങൾ പണം ഔദാര്യ പൂര്‍വ്വം ഉപയോഗിക്കുകയാണെന്നും യു‌എസ് ഭരണകൂടത്തിന്റെ വ്യാപാര, വിദേശ കാർഷിക കാര്യങ്ങളുടെ ഡെപ്യൂട്ടി അണ്ടർ സെക്രട്ടറി മിഷേൽ ബെക്കറിംഗ് പറഞ്ഞു.

യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ളവർക്ക് ലഭിക്കുന്നതിനും, കഠിനാധ്വാനം ചെയ്ത നികുതിദായകരുടെ ഡോളർ സംരക്ഷിക്കുന്നതിനും, ദീർഘകാല ആശ്രയത്വത്തിന് പകരം സ്വാശ്രയത്വം വളർത്തുന്ന സഹായം നൽകുന്നതിനും കർശനമായ ഉത്തരവാദിത്വം നടപ്പിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എത്യോപ്യ, ഹെയ്തി, നൈജീരിയ, സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയുൾപ്പെടെ വലിയ മാനുഷിക പ്രതിസന്ധികൾ നേരിടുന്ന രാജ്യങ്ങളിൽ കാത്തലിക് റിലീഫ് സർവീസസ് നടത്തുന്ന ജീവൻ രക്ഷാദൗത്യത്തിനു അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 240 മില്യൺ ഡോളറിന്റെ സഹായം ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ അനുവദിച്ചിരിന്നു. ഇതുകൂടാതെയാണ് പുതിയ സഹായം.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »