News
ഫുൾട്ടൺ ഷീന്റെ വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തിന് 75,000 ജപമാലകൾ; ദൗത്യവുമായി അമേരിക്കന്‍ സന്യാസിനികള്‍
പ്രവാചകശബ്ദം 27-07-2026 - Monday
ടെക്സാസ്: ടെലിവിഷനും റേഡിയോയും ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെയുള്ള വചനപ്രഘോഷണം കൊണ്ട് അനേകായിരങ്ങളെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിച്ച ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പ്രഖ്യാപന തിരുക്കർമത്തില്‍ വിതരണം ചെയ്യാനുള്ള ജപമാലയുടെ നിര്‍മ്മാണവുമായി സന്യാസിനികള്‍. മുക്കാല്‍ ലക്ഷത്തോളം ജപമാലകളാണ് വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നുള്ള സന്യാസിനികള്‍ തയാറാക്കുന്നത്. സെപ്റ്റംബർ 24-ന് നടക്കുന്ന വാഴ്ത്തപ്പെട്ട പ്രഖ്യാപന തിരുക്കർമങ്ങളിൽ പങ്കെടുക്കുന്ന വിശ്വാസികൾക്ക് ജപമാലകൾ വിതരണം ചെയ്യാനാണ് പദ്ധതി.
1951-ൽ, ആർച്ച് ബിഷപ്പ് ഷീനാണ് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റീസിന്റെ ദേശീയ ഡയറക്ടറായിരിക്കെ, ലോകമെമ്പാടുമുള്ള മിഷൻ പ്രവർത്തനങ്ങൾക്കായി പ്രാർത്ഥന പ്രോത്സാഹിപ്പിക്കുന്നതിനായി വേൾഡ് മിഷൻ ജപമാല രൂപകൽപ്പന ചെയ്തത്. ഇതിലെ അഞ്ച് ദശകങ്ങൾ ലോകത്തിന്റെ അഞ്ച് മേഖലകളെ പ്രതിനിധീകരിക്കുന്നു. പൊന്തിഫിക്കൽ മിഷൻ സൊസൈറ്റീസ് യു.എസ്.എയുടെ ഇപ്പോഴത്തെ ദേശീയ ഡയറക്ടർ മോൺ. റോജർ ലാൻഡ്രിയുടെ അംഗീകാരത്തോടെ രാജ്യത്തെ നിരവധി കോൺവെന്റുകൾ ജപമാല നിര്‍മ്മിക്കുവാനുള്ള ആഹ്വാനത്തിന് മറുപടി പകര്‍ന്ന് ഇന്നു പ്രവര്‍ത്തനനിരതരാണ്.
ഏകദേശം 39.75 ലക്ഷം മുത്തുകൾ കൈകൊണ്ട് കോർത്ത് 75,000 ജപമാലകൾ തയ്യാറാക്കേണ്ട വലിയ ദൗത്യമാണ് സന്യാസിനികള്‍ നിര്‍വ്വഹിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സന്യാസിനി സമൂഹങ്ങൾ ഈ ദൗത്യത്തിൽ പങ്കുചേരുന്നുണ്ട്. വരുന്ന സെപ്റ്റംബര്‍ 24ന് മിസ്സോറിയിലെ സെന്റ് ലൂയിസിലാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം നടക്കുന്നത്. ലെയോ പതിനാലാമൻ മാർപാപ്പയെ പ്രതിനിധീകരിച്ച്, സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്ട് ആയ കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ളെയാണ് ആർച്ച് ബിഷപ്പ് ഫുൾട്ടൺ ജെ. ഷീനെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തുക.
1950-60 കളില്‍ അമേരിക്കയിലെ സംപ്രേഷണം ചെയ്ത “ലൈഫ് ഈസ് വര്‍ത്ത് ലിവിംഗ്” എന്ന ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ടെലിവിഷന്‍ വചന പ്രഘോഷണ പരിപാടിയുടെ പേരിലാണ് ഫുള്‍ട്ടന്‍ ജെ. ഷീന്‍ അനേകായിരങ്ങള്‍ക്ക് പരിചിതനാകുന്നത്. ദശലക്ഷകണക്കിന് ആളുകളാണ് ഈ പരിപാടി കണ്ടിട്ടുള്ളത്. മരണശേഷവും അദ്ദേഹത്തിനെ വചന പ്രഘോഷണ ഭാഗങ്ങള്‍ പുനഃസംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



















