News

സ്പെയിനില്‍ നിന്ന്‍ മടക്കി അയച്ച കുടിയേറ്റക്കാര്‍ക്ക് കരുതലിന്റെ കരവുമായി മൊറോക്കോയിലെ സഭ

പ്രവാചകശബ്ദം 05-08-2026 - Wednesday

റാബത്ത്: മൊറോക്കോയിൽ നിന്ന് സ്പെയിനിലേക്ക് പലായനം ചെയ്യുകയും പിന്നീട് അവിടെ നിന്നു മടക്കി അയയ്ക്കുകയും ചെയ്ത കുടിയേറ്റക്കാര്‍ക്ക് കരുതലിന്റെ കരം നീട്ടി മൊറോക്കോയിലെ കത്തോലിക്ക സഭ. സിയൂത്തയില്‍ നിന്നു മടങ്ങിയെത്തുന്ന കുടിയേറ്റക്കാർ തീർത്തും ക്ഷീണിതരും അവശരുമായാണ് മൊറോക്കോയിൽ തിരിച്ചെത്തുന്നതെന്നും അവരെ സഹായിക്കുന്നുണ്ടെന്നും വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ടാഞ്ചിയറിലെ ആർച്ച് ബിഷപ്പ് എമിലിയോ റോച്ച ഗ്രാൻഡെ പറഞ്ഞു. വർഷങ്ങളായി സബ്-സഹാറൻ മേഖലയിൽ നിന്നുള്ള കുടിയേറ്റക്കാർക്കിടയിൽ പ്രവർത്തിച്ചുവരുന്ന പ്രാദേശിക കത്തോലിക്കാ സഭ, പെട്ടെന്നുണ്ടായ വലിയ കുടിയേറ്റ പ്രതിസന്ധിയെയാണ് ഇപ്പോൾ നേരിടുന്നത്.

പലായനത്തിന് മുതിരുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തവരെ സഹായിക്കാനുള്ള ശ്രമത്തിലാണ് സഭയിപ്പോൾ. യൂറോപ്പിലേക്ക് കടക്കുമെന്ന പ്രതീക്ഷയോടെ വൻതോതിൽ എത്തിച്ചേരുന്ന സബ് - സഹാറൻ കുടിയേറ്റക്കാർക്കിടയിൽ, മൊറോക്കോയിലെ സഭ വർഷങ്ങളായി അക്ഷീണം പ്രവർത്തിച്ചുവരുന്നുണ്ടെന്നും മെഡിറ്ററേനിയൻ കടലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ, ടാഞ്ചിയർ രൂപതയാണ് അഭയാര്‍ത്ഥികളുടെ യാത്രയിലെ അവസാനത്തെ ആശ്രയകേന്ദ്രമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. രൂപതയുടെ കുടിയേറ്റ വിഭാഗം ദീർഘകാലമായി വൈദ്യസഹായം, സാമൂഹികവും നിയമപരവുമായ പിന്തുണ, അടിയന്തര സഹായം എന്നിവ നൽകിവരുന്നുണ്ട്.

'കാരിത്താസ്' സംഘടന വഴിയുള്ള പ്രത്യേക പദ്ധതികളിലൂടെ, ദുർബല വിഭാഗത്തിൽപ്പെട്ട മൊറോക്കൻ പൗരന്മാരെ സഹായിക്കാനും കാര്യമായ പരിശ്രമം നടത്തുന്നുണ്ട്. തെരുവുകളിൽ കഴിയുന്ന കുട്ടികൾക്കായി ടാഞ്ചിയറിൽ ഞങ്ങൾ ഒരു അഭയകേന്ദ്രം നടത്തുന്നുണ്ട്. ദുർബല സാഹചര്യങ്ങളിൽ കഴിയുന്നവരെ സഹായിക്കുന്നതിനായി മൊറോക്കൻ അധികൃതരുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം തുടരുന്നതെന്നും ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി. അതേസമയം വലിയ തോതിലുള്ള കുടിയേറ്റക്കാരുടെ വരവിന് ശേഷം, മൊറോക്കോയും സ്പാനിഷ് അധീനതയിലുള്ള സിയൂത്തയും തമ്മിലുള്ള അതിർത്തി പ്രദേശം ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »