News - 2026
നൈജീരിയയില്‍ വര്‍ദ്ധിച്ച് വരുന്ന ക്രൈസ്തവ വിരുദ്ധ പീഡനം: സഹായം നിർത്താൻ യുഎസ് ബിൽ
പ്രവാചകശബ്ദം 27-07-2026 - Monday
വാഷിംഗ്ടൺ ഡി.സി: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ക്രൈസ്തവ വിരുദ്ധ അക്രമങ്ങൾ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഇതിന് മറുപടിയെന്ന നിലയിൽ ഓരോ വര്‍ഷവും നല്കി വരുന്ന സാമ്പത്തിക സഹായം നിർത്തിവെക്കാൻ യുഎസ് ജനപ്രതിനിധി സഭയുടെ ബിൽ. അടുത്ത സാമ്പത്തിക വർഷം നൈജീരിയ ഭരണകൂടത്തിന് നൽകുന്ന യുഎസ് സഹായം നിർത്തിവെക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 217 പേര് ബില്ലിനെ അനുകൂലിച്ചു.
നൈജീരിയയിലെ ക്രിസ്ത്യാനികളുടെ സാഹചര്യവുമായി ബന്ധപ്പെട്ട് നിസംഗത പാലിക്കുന്ന ഭരണകൂടത്തിന് താക്കീത് നല്കുവാനുള്ള ഇടപെടലെന്ന രീതിയില്‍ വെസ്റ്റ് വിർജീനിയയിൽ നിന്നുള്ള പ്രതിനിധി റൈലി മൂർ, ഫ്ലോറിഡയിൽ നിന്നുള്ള പ്രതിനിധി ജെഫ് സ്റ്റ്യൂബ് എന്നീ രണ്ട് റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗങ്ങളാണ് ബില്‍ അവതരിപ്പിച്ചത്. നൈജീരിയയിലെ ക്രിസ്ത്യൻ ജനവിഭാഗത്തിന്റെ നിലനില്‍പ്പിന് സഹായം വെട്ടിക്കുറയ്ക്കുന്നത് അനിവാര്യമാണെന്ന് വാദിച്ചുകൊണ്ട്, അതിനായുള്ള നടപടികൾക്ക് മൂർ നേരത്തെ തന്നെ ശക്തമായി വാദിച്ചിരുന്നു. മതപരമായ അക്രമങ്ങൾക്കിരയാകുന്ന ക്രിസ്ത്യൻ സമൂഹങ്ങളെ സംരക്ഷിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നത് വരെ നൈജീരിയയ്ക്കുള്ള സഹായം പരിമിതപ്പെടുത്തുവാന്‍ നിർദ്ദേശിക്കുന്നതാണ് പുതിയ ബില്‍.
വിദേശരാജ്യങ്ങളിലെ മതസ്വാതന്ത്ര്യ പരിപാടികൾക്ക് പിന്തുണ നൽകുക, സഹകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളുടെ മതസ്വാതന്ത്ര്യം സംരക്ഷിക്കുക എന്നിവയും ബില്ലിലൂടെ ലക്ഷ്യമിടുന്നുണ്ട്. നൈജീരിയായില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി നേരിടുകയാണെന്നും ആയിരക്കണക്കിന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നുണ്ടെന്നും ഈ കൂട്ടക്കൊലയ്ക്ക് തീവ്ര ഇസ്ലാമിസ്റ്റുകളാണ് ഉത്തരവാദികളെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ വര്‍ഷം പ്രസ്താവിച്ചിരിന്നു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















