News
വെനിസ്വേലയിലെ ദുരിതബാധിതരെ ചേര്‍ത്തുപിടിക്കാന്‍ ക്രൈസ്തവ സന്നദ്ധ സംഘടനകള്‍
പ്രവാചകശബ്ദം 26-06-2026 - Friday
കാരക്കാസ്: നൂറുകണക്കിനാളുകളുടെ ജീവനെടുത്ത വെനിസ്വേലയുടെ വടക്കൻ തീരത്ത് ഉണ്ടായ ഇരട്ട ഭൂചലനത്തിൽ ദുരിതബാധിതരെ സഹായിക്കുവാന്‍ ക്രൈസ്തവ സന്നദ്ധ സംഘടനകള്‍ സജീവമായി രംഗത്ത്. ആഗോള തലത്തില്‍ അടിയന്തര പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഏറ്റവും ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയും അനേകരിലേക്ക് സഹായമെത്തിക്കുകയും ചെയ്യുന്ന ക്രൈസ്തവ സന്നദ്ധ സംഘടനയായ 'സമരിറ്റന്‍ പേഴ്സ്' ഉള്‍പ്പെടെയുള്ള സംഘടനകള്‍ വെനിസ്വേലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
കൊളംബിയ ഓഫീസിൽ നിന്നുള്ള ജീവനക്കാർ ഉൾപ്പെടുന്ന ദുരന്ത നിവാരണ സംഘം ഇന്നു മേഖലയില്‍ പ്രവര്‍ത്തനം സജീവമാക്കുമെന്നു സംഘടന വ്യക്തമാക്കി. എമർജൻസി ഫീൽഡ് ആശുപത്രി, സോളാർ ലൈറ്റുകൾ, പുതപ്പുകൾ, വാട്ടർ ഫിൽട്ടറുകൾ എന്നിവ വെനിസ്വേലയിലേക്ക് എയർലിഫ്റ്റ് ചെയ്യാൻ തയ്യാറെടുക്കുകയാണെന്നും സംഘടന അറിയിച്ചു. പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്കും പരിക്കേറ്റവര്‍ക്കും രക്ഷാപ്രവർത്തകര്‍ക്കും വേണ്ടി പ്രാർത്ഥിക്കേണ്ട സമയമാണിതെന്ന് സമരിറ്റൻസ് പേഴ്സിന്റെ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഗ്രഹാം പ്രസ്താവിച്ചു. ലോക പ്രശസ്ത സുവിശേഷകനായിരുന്ന ബില്ലി ഗ്രഹാമിന്റെ മകനാണ് ഫ്രാങ്ക്ലിന് ഗ്രഹാം.
നേരത്തെ വെനിസ്വേലയുടെ വടക്കൻ തീരത്തുണ്ടായ ഇരട്ട ഭൂചനത്തിൽ മരണസംഖ്യ 235 ആയി ഉയർന്നിരിക്കുകയാണ്. 4,300 ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. അന്താരാഷ്ട്ര സംഘങ്ങൾ അടക്കം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും, നൂറുകണക്കിന് ആളുകൾ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















