News
മെക്സിക്കോയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേവാലയങ്ങള്‍ വീണ്ടും തുറന്നു
പ്രവാചകശബ്ദം 15-07-2026 - Wednesday
മെക്സിക്കോ സിറ്റി: തെക്കുപടിഞ്ഞാറൻ മെക്സിക്കോയെ പിടിച്ചുകുലുക്കിയ ഭൂകമ്പങ്ങൾക്ക് ഒന്‍പത് വർഷങ്ങൾക്ക് ശേഷം, മെക്സിക്കോ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന സെന്റ് ജോൺ ഓഫ് ഗോഡ് ചർച്ചും ഹോളി ട്രൂ ക്രോസ് ചർച്ചും ആരാധനയ്ക്കായി വീണ്ടും തുറന്നു. ജൂലൈ 8ന്, നടന്ന ദേവാലയ കൂദാശയിലും വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിലും നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. 2017 സെപ്റ്റംബർ 7നും 19 നും ഉണ്ടായ ഭൂകമ്പങ്ങളിൽ ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരിന്നു.
മെക്സിക്കോ സിറ്റിയിൽ മാത്രം, ഏകദേശം 160 കത്തോലിക്ക പള്ളികൾക്ക് വ്യത്യസ്ത തീവ്രതയിലുള്ള ഘടനാപരമായ കേടുപാടുകൾ സംഭവിച്ചിരിന്നു. ഇവയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദേവാലയങ്ങളാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നിരിക്കുന്നത്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പള്ളികളിൽ ഒന്നായാണ് ഹോളി ട്രൂ ക്രോസ് ചർച്ച് കണക്കാക്കപ്പെടുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ പര്യവേക്ഷകനായ ഹെർണാൻ കോർട്ടസ്, ഇപ്പോൾ വെരാക്രൂസ് സംസ്ഥാനം എന്നറിയപ്പെടുന്ന തുറമുഖത്ത് സ്പാനിഷ് പര്യവേഷണം നടത്തിയതിന്റെ സ്മരണയ്ക്കായി ചെറിയ ചാപ്പൽ നിർമ്മിക്കാൻ ഉത്തരവിട്ടിരിന്നു. ആദ്യം ചാപ്പല്‍ നിര്‍മ്മിച്ചും പിന്നീട് മനോഹരമായ ദേവാലയമായും രൂപപ്പെടുത്തുകയായിരിന്നു.
സ്പെയിനിലെ ചാൾസ് അഞ്ചാമൻ രാജാവിന് പോൾ മൂന്നാമൻ പാപ്പ സമ്മാനിച്ചതെന്ന് കരുതപ്പെടുന്ന 'ക്രൈസ്റ്റ് ഓഫ് ദി സെവൻ വെയിൽസ്' പോലുള്ള പ്രധാനപ്പെട്ട കലാസൃഷ്ടികളും ഈ പള്ളിയിൽ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ, യേശുക്രിസ്തു മരിച്ച യഥാര്‍ത്ഥ കുരിശിന്റെ ഭാഗവും ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്. രണ്ട് ദേവാലയങ്ങളും രാജ്യത്തിന്റെ ചരിത്ര പൈതൃകത്തിന്റെ ഭാഗമായതിനാൽ 'നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി' വിഭാഗമാണ് പുനരുദ്ധാരണ പ്രവര്‍ത്തിയ്ക്കു മേല്‍നോട്ടം വഹിച്ചത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


















