News
വിശുദ്ധ വിൻസെന്റ് ഡി പോളിനെ കേന്ദ്രമാക്കിയുള്ള ആദ്യ എഐ ഹ്രസ്വചിത്രം ജൂലൈ 18ന് റിലീസ് ചെയ്യും
പ്രവാചകശബ്ദം 14-07-2026 - Tuesday
മിലാന്: വിശുദ്ധ വിൻസെന്റ് ഡി പോളിനെ കേന്ദ്രമാക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച ആദ്യ എഐ ഹ്രസ്വചിത്രം ജൂലൈ 18 മുതല്‍ പ്രദര്‍ശനത്തിന്. കോൺഫിഡോ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് യൂട്യൂബിലൂടെ പ്രദര്‍ശനത്തിനെത്തിക്കുന്നത്. വിൻസെൻഷ്യൻ സമൂഹത്തിന്റെ ഡിജിറ്റൽ വിഭാഗമായ പാസ്റ്ററൽ 'കൊറാസോൺ ഡി പോളാ'ണ് എഐ ചിത്രത്തിന് ചുക്കാന്‍ പിടിച്ചിരിക്കുന്നത്. ഫാ. ഫെലിപ്പ് റോജാസ് സാവേദ്രയാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
ഒരു യാന്ത്രികമായ വ്യക്തിത്വമില്ലാത്ത സൃഷ്ടിയല്ല, നേരെമറിച്ച് സുവിശേഷവൽക്കരണത്തിനും വിൻസെൻഷ്യൻ അവബോധത്തിനും കൃത്രിമബുദ്ധി ഉപയോഗിക്കുന്ന ഒരു പദ്ധതിയാണ് ഇതിലൂടെ ലഭ്യമാക്കുന്നതെന്ന് കൊറാസോൺ ഡി പോൾ വെബ്സൈറ്റിൽ അണിയറ പ്രവര്‍ത്തകര്‍ കുറിച്ചു. മനുഷ്യ സർഗ്ഗാത്മകതയ്ക്ക് പകരമായിട്ടല്ല, മറിച്ച് വിശ്വാസം വിവരിക്കുന്നതിനും, സ്മരണ സംരക്ഷിക്കുന്നതിനും, ആഴത്തിൽ ആവശ്യമായി നിലനിൽക്കുന്ന ഒരു ചരിത്രത്തെ നിലവിലെ ഭാഷകളിലൂടെ പ്രാപ്യമാക്കുന്നതിനുമുള്ള ഒരു ഉപകരണമായിട്ടാണ് സാങ്കേതികവിദ്യ ഇവിടെ ഉപയോഗിക്കുന്നതെന്നും വെബ്സൈറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
സാങ്കേതികവിദ്യയുടെ സഹായത്തോടെ, വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും സാഹചര്യങ്ങളും ഹൃസ്വചിത്രത്തില്‍ പുനാരാവിഷ്ക്കരിച്ചിട്ടുണ്ട്. അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇതര ശുശ്രൂഷകളും ഹൃസ്വചിത്രത്തില്‍ പ്രമേയമാകുന്നുണ്ടെന്നാണ് സൂചന. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരിന്നു. പാവപ്പെട്ടവരുടെ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച 17-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് കത്തോലിക്കാ വൈദികനായിരിന്ന വിശുദ്ധ വിൻസെന്റ് ഡി പോൾ ആരംഭിച്ച ശുശ്രൂഷ ഇന്നും അനേകര്‍ പിന്തുടരുന്നുണ്ട്.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















