News - 2026
ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങളുള്ള സിനിമകളുമായി മെക്സിക്കോയില്‍ അന്താരാഷ്ട്ര ആത്മീയ ചലച്ചിത്രമേള
പ്രവാചകശബ്ദം 24-04-2026 - Friday
മെക്സിക്കോ സിറ്റി: വിശ്വാസം, ആത്മീയത, മാനുഷിക മൂല്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര ആത്മീയ ചലച്ചിത്രമേളയ്ക്ക് ആതിഥേയത്വം വഹിക്കുവാന്‍ മെക്സിക്കോ ഒരുങ്ങുന്നു. വിശ്വാസപരമായ കാര്യങ്ങളെ പ്രതിഫലിപ്പിക്കുകയും ധാർമ്മികവും സാംസ്കാരികവുമായ സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അർത്ഥവത്തായ സിനിമകളെ ഉയർത്തിക്കാട്ടുക എന്നതാണ് പാസ്റ്ററൽ കമ്മ്യൂണിക്കേഷൻ കമ്മീഷന് മുന്നോട്ടുവെയ്ക്കുന്ന മേളയുടെ ലക്ഷ്യം. പ്രത്യാശ, ക്ഷമ, സ്നേഹം, ത്യാഗം, ദൈവത്തിനായുള്ള അന്വേഷണം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര, പ്രാദേശിക സിനിമകള്‍ ഏപ്രിൽ 30 മുതൽ മെയ് 20 വരെ രാജ്യത്തുടനീളമുള്ള വിവിധ തിയേറ്ററുകളില്‍ പ്രദർശിപ്പിക്കും.
വിശ്വാസപരമായ അനുഭവങ്ങൾ, വ്യക്തിപരമായ ജീവിത പരിവർത്തന കഥകൾ, ആത്മീയ വീക്ഷണകോണിലൂടെ കാണുന്ന സാമൂഹിക പ്രശ്നങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചുള്ള ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, ഫീച്ചർ ഫിലിമുകൾ എന്നിവ അന്താരാഷ്ട്ര ആത്മീയ ചലച്ചിത്രമേളയുടെ ഭാഗമാകും. യഥാർത്ഥ ജീവിത സാക്ഷ്യങ്ങൾ, മിഷ്ണറി പ്രവർത്തനങ്ങൾ, വിശ്വാസത്തിലൂടെ പോരാട്ടങ്ങളെ അതിജീവിച്ച വ്യക്തികളുടെ കഥകൾ എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമാകും. ബൈബിൾ വിവരണങ്ങൾ, വിശുദ്ധരുടെ ജീവിതം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾ നേരിടുന്ന ആധുനിക വെല്ലുവിളികൾ എന്നിവയെ കേന്ദ്രീകരിക്കുന്ന സിനിമകളും പ്രദര്‍ശനത്തിലുണ്ടാകുമെന്നാണ് സൂചന.
ചലച്ചിത്ര പ്രദർശനങ്ങൾക്കൊപ്പം പാനൽ ചർച്ചകൾ, വർക്ക്ഷോപ്പുകൾ, സംവിധായകരുമായും നിർമ്മാതാക്കളുമായുഉള്ള കൂടിക്കാഴ്ചകൾ എന്നിവ ഫെസ്റ്റിവലിൽ നടക്കും. സിനിമകൾക്ക് പിന്നിലെ സന്ദേശവും ആധുനിക സിനിമയിൽ ആത്മീയതയുടെ പങ്കിനെക്കുറിച്ചും പ്രേക്ഷകർക്ക് കൂടുതൽ മനസ്സിലാക്കാൻ ഈ സെഷനുകൾ സഹായിക്കുമെന്നു സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. വിനോദം മാത്രമല്ല, സുവിശേഷവൽക്കരണവും സാംസ്കാരിക വിനിമയവുമാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്ന് സംഘാടകർ പറയുന്നു. കൂടുതൽ മൂല്യാധിഷ്ഠിത ഉള്ളടക്കം സൃഷ്ടിക്കുന്നതിനു ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിന് പരിപാടി സഹായകരമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















