News
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയ്ക്ക് വെടിയേറ്റ സ്ഥലത്ത് ലെയോ പാപ്പ പ്രാർത്ഥന നടത്തി
പ്രവാചകശബ്ദം 14-05-2026 - Thursday
വത്തിക്കാന്‍ സിറ്റി: നാലര പതിറ്റാണ്ടിന് മുന്‍പ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് വെടിയേറ്റ സ്ഥലത്ത് ലെയോ പാപ്പ ഇന്നലെ പ്രാർത്ഥന നടത്തി. ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പൊതുകൂടിക്കാഴ്ചയ്ക്കെത്തിയ ലെയോ പതിനാലാമൻ പാപ്പ, തന്റെ മുൻഗാമികളിൽ ഒരാളായ ജോൺ പോൾ മാർപാപ്പയ്ക്ക് വെടിയേറ്റ സ്ഥലത്തെത്തി മുട്ടുകുത്തി പ്രാർത്ഥിക്കുകയായായിരിന്നു. 1981-ൽ മെയ് പതിമൂന്നാം തീയതി ബുധനാഴ്ച പൊതുകൂടിക്കാഴ്ചയ്ക്കായെത്തിയ അവസരത്തിലായിരുന്നു ജോണ്‍ പോള്‍ പാപ്പയ്ക്ക് നേരെ വധശ്രമമുണ്ടായത്.
ബുധനാഴ്ചകളിലെ പതിവുപോലെ, വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പൊതുകൂടിക്കാഴ്ചയ്ക്കെത്തിയ അവസരത്തിലാണ് ലെയോ പാപ്പ പ്രാര്‍ത്ഥന നടത്തിയത്. മരിയഭക്തനായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് നേരെ, 45 വർഷങ്ങൾക്ക് മുൻപ്, ഫാത്തിമ മാതാവിന്റെ തിരുനാൾ ദിനത്തിൽ ഉണ്ടായ ആക്രമണത്തെ അനുസ്മരിച്ച പാപ്പ, ഫാത്തിമ മാതാവിന്റെ സന്ദേശം ലോകത്തിന് സമാധാനത്തിന്റെയും പ്രത്യാശയുടെയും ആഹ്വാനമാണെന്ന് ഓർമിപ്പിച്ചു. യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കായി മറിയത്തിന്റെ നിർമ്മലഹൃദയത്തോട് പ്രാർത്ഥിക്കാൻ ഏവരോടും അഭ്യർത്ഥിച്ചു.
1981 മെയ് 13-ന്, പൊതുകൂടികാഴ്ചയ്ക്കിടയിൽ തുറന്ന വാഹനത്തിൽ സഞ്ചരിച്ച്, വിശ്വാസികളെ അഭിവാദനം ചെയ്യുന്നതിനിടെ മുഹമ്മദ് അലി എന്ന അക്രമി, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയ്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് റോമിലെ ജെമെല്ലി ആശുപത്രിയിലാണ് അടിയന്തിര ചികിത്സ നൽകിയത്. അവിടെ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം നൽകിയ സന്ദേശത്തിൽ, ആക്രമണം നടത്തിയ വ്യക്തിയോട് താൻ ക്ഷമിക്കുന്നുവെന്ന് പാപ്പ പ്രഖ്യാപിക്കുകയും, പിന്നീട് ജയിലിലെത്തി അദ്ദേഹത്തെ നേരിൽ കണ്ട് മാപ്പ് നൽകുകയും ചെയ്തിരുന്നു.
ഈ സംഭവത്തിനു പിന്നാലെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ, പാപ്പയെന്ന നിലയിൽ താൻ സ്വീകരിച്ചിരുന്ന ”ഞാൻ പൂർണ്ണമായും നിനക്കുള്ളവൻ" (Totus Tuus Ego Sum) എന്ന വാക്യം രേഖപ്പെടുത്തിയ പരിശുദ്ധ അമ്മയുടെ ചിത്രം അപ്പസ്തോലിക കൊട്ടാരത്തിന്റെ ചുമരിൽ സ്ഥാപിക്കുകയും, പരിശുദ്ധ മറിയത്തിന് തന്നെത്തന്നെ സമർപ്പിക്കുകയും ചെയ്തിരുന്നു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















