News
പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ പിന്തുണയ്ക്കുന്ന ഹംഗറിയുടെ പദ്ധതിയെ കേന്ദ്രമാക്കി ഡോക്യുമെന്ററി ചിത്രം
പ്രവാചകശബ്ദം 25-03-2026 - Wednesday
ബുഡാപെസ്റ്റ്: ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവര്‍ക്ക് പിന്തുണയും സഹായവും നല്കുന്ന ഹംഗറിയുടെ പദ്ധതിയെ കേന്ദ്രമാക്കി ഡോക്യുമെന്ററി ചിത്രം. "ഹംഗറി ഹെൽപ്പ്സ് - വേർ ഹംഗറി മീൻസ് ലൈഫ്" എന്ന പേരിലുള്ള ഡോക്യുമെന്ററി ആൻഡ്രാസ് അർപാഡ് നോവാക്കാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഡോക്യുമെന്ററി ചിത്രം ചൊവ്വാഴ്ച ബുഡാപെസ്റ്റിലെ യുറേനിയ നാഷണൽ ഫിലിം തിയേറ്ററിൽ പ്രദർശിപ്പിച്ചു. ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രിസ്ത്യാനികളെയും യുദ്ധത്തിലും ദുരന്തങ്ങളിലും ദുരിതമനുഭവിക്കുന്ന മറ്റുള്ളവരെയും പിന്തുണയ്ക്കുന്നതിനായി ഹംഗേറിയന്‍ ഭരണകൂടം 2017ൽ ആരംഭിച്ച ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാം വഴി ദശലക്ഷകണക്കിന് ആളുകള്‍ക്ക് ആണ് സഹായം ലഭിച്ചിരിക്കുന്നത്.
2.5 ദശലക്ഷം പീഡിത ക്രൈസ്തവരെ സഹായിക്കുവാന്‍ ഹംഗേറിയൻ സർക്കാരിന്റെ കീഴിലുള്ള സംവിധാനം വഴി സാധിച്ചിട്ടുണ്ട്. ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രിസ്ത്യാനികളെ പിന്തുണയ്ക്കാൻ ശക്തമായ നടപടി ആവശ്യമാണെന്ന് ഹംഗറിയുടെ ഉപപ്രധാനമന്ത്രി സോൾട്ട് സെംജെൻ ഡോക്യുമെന്ററിയുടെ പ്രീമിയര്‍ ഷോയ്ക്കിടെ പറഞ്ഞു. പ്രതിദിനം ഏകദേശം 12 ക്രൈസ്തവര്‍ കൊല്ലപ്പെടുന്നുണ്ടെന്നും തങ്ങളുടെ ക്രൈസ്തവ വിശ്വാസം കാരണം ഏകദേശം 400 ദശലക്ഷം പേർ പീഡനത്തിന് ഇരയാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപ വർഷങ്ങളിൽ മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികളുടെ എണ്ണം വളരെയധികം കുറഞ്ഞു. ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാം വഴി 68 രാജ്യങ്ങളിലായി ഏകദേശം 500 പ്രോജക്ടുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
നേരിട്ട് പ്രവർത്തിക്കുന്നതിനാൽ ഈ പദ്ധതി ശ്രദ്ധ നേടുകയാണെന്നു പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്നതിനും അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും സഹായകരമാണെന്നും ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാമിന്റെ മേൽനോട്ടം വഹിക്കുന്ന ട്രിസ്റ്റൻ അസ്ബെജ് പറഞ്ഞു. ഭൗതികവും വൈകാരികവുമായ പിന്തുണ സര്‍ക്കാര്‍ നൽകുന്നുണ്ടെന്നും വിശ്വാസവും സ്വത്വവും നിലനിർത്തിക്കൊണ്ട് ആളുകളെ സ്വന്തം മാതൃരാജ്യത്ത് തുടരാൻ സഹായിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മധ്യപൂര്‍വ്വേഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സും മറ്റ് ഭീകര സംഘടനകളും നടത്തിയ വിവിധ ആക്രമണങ്ങളില്‍ സര്‍വ്വതും നഷ്ട്ടപ്പെട്ട പതിനായിരകണക്കിന് ക്രൈസ്തവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ ഹംഗേറിയന്‍ സര്‍ക്കാരിന്റെ ഈ പദ്ധതിയിലൂടെ സാധിച്ചിരിന്നു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️


















