News - 2026
മെക്സിക്കോയില്‍ കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി
പ്രവാചകശബ്ദം 11-03-2026 - Wednesday
ചിയാപാസ്: ലോകത്ത് ഏറ്റവും കൂടുതല്‍ വൈദിക നരഹത്യ അരങ്ങേറുന്ന രാജ്യമായ മെക്സിക്കോയില്‍ കാണാതായ വൈദികന്റെ മൃതദേഹം കണ്ടെത്തി. തെക്കൻ മെക്സിക്കോയിലെ ചിയാപാസ് സംസ്ഥാനത്ത് മാർച്ച് 8 ഞായറാഴ്ച രാത്രി മുതൽ കാണാതായ 53 വയസ്സുള്ള ഫാ. ജുവാൻ മാനുവൽ സവാല മാഡ്രിഗലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വൈദികന് സേവനം ചെയ്തുക്കൊണ്ടിരിന്ന ഇടവകയിൽ നിന്ന് ഏകദേശം 12 മൈൽ അകലെ സ്ഥിതി ചെയ്യുന്ന ഇക്കോടൂറിസം കേന്ദ്രമായ ലഗുണ വെർഡെയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ഒക്കോട്ടെപെക് പട്ടണത്തിലെ സെന്റ് മാർക്ക് ദി ഇവാഞ്ചലിസ്റ്റ് ഇടവകയിൽ വികാരിയായി വൈദികൻ സേവനമനുഷ്ഠിച്ചു വരികയായിരിന്നു അദ്ദേഹം. ഞായറാഴ്ച പ്രാദേശിക സമയം രാത്രി 9 മണിയോടെ വൈദികന്റെ തിരോധാനം സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതിനെത്തുടർന്ന് മുനിസിപ്പൽ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് തിരച്ചിൽ ആരംഭിച്ചിരിന്നു. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുന്നതിനായി, പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് അന്വേഷണം ആരംഭിച്ചതായി ചിയാപാസ് സ്റ്റേറ്റ് അറ്റോർണി ജനറലിന്റെ ഓഫീസ് അറിയിച്ചു. ലോകത്ത് ഏറ്റവും വൈദികര്‍ കൊല്ലപ്പെട്ട രാജ്യമെന്ന കുപ്രസിദ്ധിയുള്ള രാജ്യമാണ് മെക്സിക്കോ.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















