News - 2026
നോമ്പിന് റോം രൂപതയിലെ ഇടവകകളില്‍ സന്ദര്‍ശനം നടത്താന്‍ ലെയോ പാപ്പ
പ്രവാചകശബ്ദം 26-01-2026 - Monday
വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ മെത്രാൻ എന്ന നിലയിൽ, ഇടവകകള്‍ തോറും സന്ദര്‍ശനം നടത്താനും വൈദികരുമായി കൂടിക്കാഴ്ച നടത്തുവാനും ലെയോ പാപ്പ തയാറെടുക്കുന്നു. ഫെബ്രുവരി പത്തൊൻപതാം തീയതി, പ്രാദേശിക സമയം പത്തുമണിക്ക്, വത്തിക്കാനിലെ പോൾ ആറാമൻ ഹാളില്‍വെച്ചാണ് വൈദികരുമായി ലെയോ പാപ്പ കൂടിക്കാഴ്ച നടത്തുക. ഇതിന് മുന്നോടിയായി റോം രൂപതയുടെ കീഴിലുള്ള വിവിധ ദേവാലയങ്ങളിലും പാപ്പ അജപാലന സന്ദർശനങ്ങൾ നടത്തും.
റോമിലെ വിവിധ മേഖലകളിൽ അഞ്ചു ഇടങ്ങളിലായിട്ടാണ് സന്ദർശനം സംഘടിപ്പിക്കുന്നത്. പാപ്പ താന്‍ അധ്യക്ഷനായ റോം രൂപതയിലേക്ക് നടത്തുന്ന ഔദ്യോഗിക അജപാലന സന്ദർശനം എന്ന നിലയിൽ, അജപാലന ശുശ്രൂഷകർ, സംഘടനകൾ, യുവജന പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. ഇടവക സമൂഹത്തിനോട് ഒപ്പമുള്ള പാപ്പയുടെ വിശുദ്ധ ബലിയർപ്പണമായിരിക്കും ഇതില്‍ ഏറ്റവും ശ്രദ്ധ നേടുക.
ആദ്യ സന്ദർശനം ഫെബ്രുവരി പതിനഞ്ചാം തീയതി ഞായറാഴ്ച, തെക്കൻ മേഖലയിലെ, ഓസ്തിയ ലിദോയിലെ സാന്താ മരിയ റെജീന പാച്ചിസ് ഇടവകയിലും, ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതി, മധ്യ മേഖലയിൽ കാസ്ത്രോ പ്രേതോറിയയിലെ തിരുഹൃദയ ദേവാലയത്തിലും മാര്‍ച്ച് ഒന്നാം തീയതി, കിഴക്കൻ മേഖലയിലെ സ്വർഗ്ഗാരോഹണ ദേവാലയത്തിലും, മാർച്ച് എട്ടാം തീയതി പടിഞ്ഞാറൻ മേഖലയിൽ സാന്താ മരിയ ദെല്ല പ്രസന്റത്സിയോനെ ദേവാലയത്തിലും, പതിനഞ്ചാം തീയതി പൊന്തേ മാമോളോയിലെ തിരുഹൃദയ ദേവാലയത്തിലും പാപ്പ സന്ദര്‍ശനം നടത്തുമെന്ന് റോം വികാരിയാത്ത് അറിയിച്ചു.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

















