News
റോം രൂപതയുടെ മുന്‍ വികാരി ജനറാള്‍ കർദ്ദിനാൾ കാമില്ലോ റൂയിനി ദിവംഗതനായി
പ്രവാചകശബ്ദം 17-06-2026 - Wednesday
റോം: മാര്‍പാപ്പ രൂപതാധ്യക്ഷനായ റോം രൂപതയുടെ മുന്‍ വികാരി ജനറാളും റോമിലെ നിര്‍ണ്ണായക ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്ത കർദ്ദിനാൾ കാമില്ലോ റൂയിനി ദിവംഗതനായി. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെയും അടുത്ത സഹകാരിയായി വര്‍ത്തിച്ച അദ്ദേഹം ഇറ്റലിയിലെ യാഥാസ്ഥിതിക മെത്രാന്മാരുടെ പ്രധാന ശബ്ദങ്ങളിൽ ഒരാളായി അറിയപ്പെട്ടിരിന്നു.
1991 മുതൽ 2007 വരെ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റായും 1991 മുതൽ 2008 വരെ റോം രൂപതയുടെ വികാരി ജനറലായും, ലാറ്ററൻ ബസിലിക്കയുടെ ആർച്ച്പ്രീസ്റ്റായും സേവനമനുഷ്ഠിച്ച വ്യക്തിയാണ് കർദ്ദിനാൾ കാമില്ലോ റൂയിനി. പ്രശസ്ത മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗോറിയയെ സംബന്ധിച്ച കമ്മീഷന്റെ നേതൃസ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. കർദ്ദിനാൾ കാമില്ലോ റൂയിനിയുടെ ക്രൈസ്തവ ജീവിതത്തിനും സഭയ്ക്കുവേണ്ടിയുള്ള സമർപ്പിത സേവനത്തിനും റോം രൂപതയുടെ വികാരി ജനറൽ കർദ്ദിനാൾ ബാൽദസരെ റെയ്ന നന്ദി അറിയിച്ചു.
കത്തോലിക്ക മൂല്യങ്ങളുടെ പാരമ്പര്യം മറച്ചുവെക്കാതെ സംരക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം നിരന്തരം ഉയർത്തിക്കാട്ടിയ അദ്ദേഹത്തിന്റെ മുദ്രാവാക്യം "സത്യം നിങ്ങളെ സ്വതന്ത്രരാക്കും" എന്നതായിരുന്നു. കർദ്ദിനാൾ റുയിനിയുടെ മൃതസംസ്കാര ശുശ്രൂഷ നാളെ, ജൂൺ 18 വ്യാഴാഴ്ച, വൈകുന്നേരം 4:30ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കും. മൃതസംസ്കാര ശുശ്രൂഷകളില്‍ ലെയോ പതിനാലാമൻ മാർപാപ്പ കാര്‍മ്മികത്വം നിർവഹിക്കും.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️



















