India - 2026
ബിഷപ്പ് ജെറോം ദാസിന് യാത്രാമൊഴി
പ്രവാചകശബ്ദം 25-03-2026 - Wednesday
ചെന്നൈ: കുഴിത്തുറ ബിഷപ്പ് എമെരിറ്റസ് ഡോ. ജെറോം ദാസ് വരുവേൽ അന്തരിച്ചു. ചെന്നൈ ചെറ്റ്പേട്ടിലെ ഹാരിംഗ്‌ടൺ റോഡിലുള്ള കെയർ ഹോമിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് കന്യാകുമാരി ജില്ലയിലെ കുഴിത്തുറ മോസ്റ്റ് ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കും. 2014-ല്‍ സ്ഥാപിതമായ കുഴിത്തുറ രൂപതയുടെ പ്രഥമ മെത്രാനായിരുന്നു ബിഷപ്പ് ജെറോം ദാസ്. 2015 മുതല്‍ രൂപതയെ നയിച്ച അദ്ദേഹം, ആരോഗ്യപരമായ കാരണങ്ങളാല്‍ 2020 ജൂണ്‍ ആറിനാണ് സ്ഥാനമൊഴിഞ്ഞത്.
1951 ഒക്ടോബർ 21ന് കോട്ടാർ രൂപതയിലെ പടുവൂരിൽ ജനിച്ച ഇദ്ദേഹം നാഗർകോവിലിൽ പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ചു. 1976ൽ സലേഷ്യൻ സന്യാസ സമൂഹത്തില്‍ ചേർന്നു. വൈദികനായശേഷം റോമിൽ ഉന്നത പഠനം നടത്തി. സാമ്പത്തിക ശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടി. റോമിലെ പൊന്തിഫിക്കൽ സലേഷ്യൻ സർവ്വകലാശാലയിൽ നിന്ന് പെഡഗോഗിയിൽ ബിരുദാനന്തരബിരുദം നേടി. 1985 ജൂൺ രണ്ടിന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് തിരുപ്പട്ടം നൽകിയത്.

















