Seasonal Reflections - 2026
ആത്മീയ ശുദ്ധീകരണത്തിനുള്ള ഉപാധി | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 09
പ്രവാചകശബ്ദം 24-02-2026 - Tuesday
"മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ" (മത്തായി 7:12).
ക്രിസ്തീയ ധാർമ്മികശാസ്ത്രത്തിന്റെ ആകെത്തുകയെന്ന് വിശേഷിപ്പിക്കാവുന്ന ഈ വചനം 'സുവർണ്ണ നിയമം' (The Golden Rule) എന്നാണ് അറിയപ്പെടുന്നത്. ഈ വചനം കേവലം ഒരു ധാർമ്മിക ഉപദേശമല്ല, മറിച്ച് ഈശോയെ അനുകരിക്കാനുള്ള ആഹ്വാനമാണ്. പഴയനിയമത്തിലെ സകല കല്പനകളുടെയും പ്രവാചക ദർശനങ്ങളുടെയും സത്ത ഈ ഒരു വചനത്തിൽ അടങ്ങിയിരിക്കുന്നുവെന്ന് ഈശോ സാക്ഷ്യപ്പെടുത്തുന്നു. "നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക" (ലേവ്യർ 19:18 )എന്ന പഴയനിയമ കല്പനയുടെ പ്രായോഗിക രൂപമാണിത്.
സഭാപിതാക്കന്മാർ ഈ വചനത്തെ ആത്മീയ ശുദ്ധീകരണത്തിനുള്ള ഉപാധിയായാണ് കണ്ടത്. "സ്നേഹം നിലനിൽക്കുന്നിടത്ത് നിയമങ്ങൾ ആവശ്യമില്ല, കാരണം സ്നേഹം നിയമങ്ങളെക്കാൾ ഉപരിയായി പ്രവർത്തിക്കുന്നു" എന്ന് വിശുദ്ധ ആഗസ്തീനോസ പഠിപ്പിച്ചു. ഈ സ്വർണ്ണനിയമം ഹൃദയത്തിൽ സൂക്ഷിക്കുന്നവൻ ദൈവഹിതം നിറവേറ്റുന്നു. വിശുദ്ധ തോമസ് അക്വീനാസ് 'സുമ തിയോളജിക്ക'യിൽ (Summa Theologiae), അയൽക്കാരനോടുള്ള സ്നേഹം ദൈവത്തോടുള്ള സ്നേഹത്തിന്റെ ബാഹ്യരൂപമാണെന്ന് വ്യക്തമാക്കുന്നു. മറ്റുള്ളവരിൽ ദൈവത്തിന്റെ മുഖം കാണാൻ ഈ വചനം നമ്മെ പ്രാപ്തരാക്കുന്നു. എന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു (CCC1787-1789).
"നിങ്ങൾ സുരക്ഷിതത്വം ആഗ്രഹിക്കുന്നുവെങ്കിൽ മറ്റുള്ളവർക്ക് അത് നൽകുക; നിങ്ങൾ ജീവൻ ആഗ്രഹിക്കുന്നുവെങ്കിൽ മറ്റുള്ളവർക്ക് ജീവൻ നൽകുക" എന്ന് ഫ്രാൻസിസ് മാർപ്പാപ്പ ഓർമ്മിപ്പിക്കുന്നു. നോമ്പുകാലം ആത്മപരിശോധനയുടെ സമയമാണ്. നാം മറ്റുള്ളവരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്? നാം തെറ്റ് ചെയ്യുമ്പോൾ മറ്റുള്ളവർ നമ്മോട് ക്ഷമിക്കണമെന്ന് ആഗ്രഹിക്കുന്നു. എങ്കിൽ നാം ആദ്യം മറ്റുള്ളവരോട് ക്ഷമിക്കണം.
നാം വിഷമിക്കുമ്പോൾ ആരെങ്കിലും സഹായിക്കണമെന്ന് ആഗ്രഹിക്കുന്നു. ഈ നോമ്പുകാലത്ത് നമ്മുടെ ഉപവാസം വിശക്കുന്നവന് ആഹാരമായി മാറണം. മറ്റുള്ളവർ നമ്മെ വിധിക്കരുതെന്ന് നാം ആഗ്രഹിക്കുന്നുവെങ്കിൽ, നാമും ആരെയും വിധിക്കരുത് (മത്തായി 7:1). മത്തായി 7:12 കേവലം ഒരു കൈമാറ്റ വ്യവസ്ഥയല്ല (reciprocity), മറിച്ച് ദൈവത്തിന്റെ സ്നേഹം ലോകത്തിന് പകർന്നു നൽകാനുള്ള ക്രിസ്ത്യാനിയുടെ ഉത്തരവാദിത്തമാണ്. നാം ആഗ്രഹിക്കുന്ന നന്മകൾ മറ്റുള്ളവരിലേക്ക് പകർന്നു നൽകുമ്പോൾ, നാം ക്രിസ്തുവിന്റെ യഥാർത്ഥ ശിഷ്യരായി മാറുന്നു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















