India - 2026
ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പരസ്യപ്പെടുത്തണം: തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത
പ്രവാചകശബ്ദം 09-02-2026 - Monday
മാരാമൺ: കേരളത്തിലെ ക്രൈസ്‌തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി സമർപ്പിച്ച ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ പരസ്യപ്പെടുത്തണമെന്നും അത് നടപ്പിലാക്കണമെന്നും മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത. 131-ാമത് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020-ൽ നിയോഗിക്കപ്പെട്ട കമ്മീഷൻ 2023-ൽ തന്നെ റിപ്പോർട്ട് സമർപ്പിച്ചിട്ടും അത് പുറത്തുവിടാത്തതിൽ മെത്രാപ്പോലീത്ത ആശങ്ക പ്രകടിപ്പിച്ചു. റിപ്പോർട്ടിലെ ശുപാർശകൾ എന്താണെന്ന് അറിയാൻ സമൂഹത്തിന് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മത അധ്യാപകർക്കായി ക്ഷേമനിധി രൂപീകരിക്കാനുള്ള സർക്കാർ നീക്കത്തെ അദ്ദേഹം വിമർശിച്ചു. ഇക്കാര്യത്തിൽ ജെ.ബി. കോശി കമ്മീഷൻ എന്താണ് പറഞ്ഞതെന്ന് വ്യക്തമാക്കണം. സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള ഒരു 'പിൻവാതിൽ' നീക്കമായി ഇത് മാറരുതെന്ന് അദ്ദേഹം സർ ക്കാരിന് മുന്നറിയിപ്പ് നൽകി. ക്രൈസ്‌തവ വിഭാഗങ്ങൾ നേരിടുന്ന സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവ സ്ഥ പരിഹരിക്കാൻ കമ്മീഷൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സർക്കാർ ഇച്ഛാശക്തി കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെ വർധിച്ചുവരുന്ന അതിക്രമങ്ങളിൽ അദ്ദേഹം ആകുലത രേഖപ്പെടു ത്തി. ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറരുതെന്നും ബഹുസ്വരത സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

















