News - 2026

മെക്സിക്കോയില്‍ 170 മീറ്റർ ഉയരമുള്ള കുരിശിന്റെ നിർമ്മാണം പുരോഗമിക്കുന്നു

പ്രവാചകശബ്ദം 06-02-2026 - Friday

ന്യൂവോ ലിയോണ്‍: മെക്സിക്കൻ സംസ്ഥാനമായ ന്യൂവോ ലിയോണിൽ 170 മീറ്റർ ഉയരമുള്ള കുരിശിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ ചിത്രത്തിന് സമീപത്തായാണ് കുരിശ് നിര്‍മ്മിക്കുക. ഫെബ്രുവരി 2ന്, മോണ്ടെറിയിലെ ആർച്ച് ബിഷപ്പ് റൊഗെലിയോ കാബ്രെറ ലോപ്പസ് കുരിശിന്റെ അടിത്തറ ആശീർവദിച്ചു വിശുദ്ധ കുർബാന അര്‍പ്പണത്തിന് നേതൃത്വം നല്‍കി. പ്രത്യാശ സൃഷ്ടിക്കുവാനും ആളുകളുടെ ഹൃദയങ്ങൾക്ക് പ്രകാശകിരണം നൽകാനും ശ്രമിക്കുന്ന ഒരു അടയാളമായിരിക്കും ഉയര്‍ത്തുന്ന കുരിശെന്നു ആർച്ച് ബിഷപ്പ് പറഞ്ഞു.

പില്‍ക്കാലത്ത് നഷ്ടപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ ചിത്രം വീണ്ടെടുത്തതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ പദ്ധതി പിറന്നത്. 16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചുഴലിക്കാറ്റ് നഗരത്തില്‍ ആഞ്ഞടിച്ചപ്പോള്‍ പത്ത് ടൺ ഭാരവും ഏകദേശം 13 മീറ്റർ ഉയരവുമുള്ള ദൈവമാതാവിന്റെ ചിത്രം സാന്താ കാതറീന നദിയില്‍ പതിച്ചിരിന്നു. വർഷങ്ങൾക്ക് ശേഷം, 2020 ലെ ഹന്ന ചുഴലിക്കാറ്റിന് ശേഷം, അപ്രതീക്ഷിതമായി ഒരു ഇഷ്ടികപ്പണിക്കാരൻ യഥാർത്ഥ ചിത്രം കണ്ടെത്തുകയായിരിന്നു.

ഇതേ തുടര്‍ന്നു മെക്സിക്കന്‍ മലമ്പ്രദേശമായ സെറോ ഡി ലാ ലോമ ലാർഗയുടെ മുകളിൽ ഗ്വാഡലൂപ്പിലെ കന്യകയുടെ 15 മീറ്റർ ഉയരമുള്ള ഒരു പുതിയ ചിത്രം സ്ഥാപിക്കുന്നതിനും, 170 മീറ്റർ കുരിശിന്റെ നിർമ്മാണത്തിനും, മോണ്ടെറി നഗരത്തിലെ മത ടൂറിസ വിഭാഗം മുന്‍കൈയെടുക്കുകയായിരിന്നു. പദ്ധതിയുടെ ഭാഗമായി കുന്നിൻ മുകളിൽ പ്ലാസ നിർമ്മിക്കുകയും, ഉരുക്ക് കൊണ്ട് നിർമ്മിച്ച ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ 15 മീറ്റർ ഉയരമുള്ള പുതിയ ചിത്രം സ്ഥാപിക്കുകയും ചെയ്തു. 2021-ൽ നിര്‍മ്മാണം പൂര്‍ത്തിയാക്കി. 170 മീറ്റർ ഉയരമുള്ള സ്മാരക കുരിശിന്റെ നിർമ്മാണം നിലവിൽ നടന്നുവരികയാണ്. അടുത്ത വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍




Related Articles »