News
യഥാർത്ഥ കുരിശിന്റെ തിരുശേഷിപ്പുമായി ടെക്സാസിൽ പ്രത്യേക പ്രദർശനം
പ്രവാചകശബ്ദം 25-06-2026 - Thursday
ഫോർട്ട് വർത്ത്, ടെക്സാസ്: ഈശോ കുരിശില്‍ ജീവത്യാഗം ചെയ്ത യഥാര്‍ത്ഥ കുരിശിന്റെ തിരുശേഷിപ്പും ക്രിസ്തുവിന്റെ കല്ലറയില്‍ നിന്നുള്ള അലങ്കാര വെള്ളി ആവരണവും ഉൾപ്പെടെയുള്ളവയുടെ പ്രത്യേക പ്രദർശനം അമേരിക്കയില്‍ ആരംഭിച്ചു. ടെക്സസിലെ കിംബെൽ ആർട്ട് മ്യൂസിയത്തിലേക്ക് അനേകം സന്ദർശകരെ ആകർഷിക്കുന്ന പ്രദര്‍ശനമാണ് ആരംഭിച്ചിരിക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുന്‍പ് ജെറുസലേമിൽ ഉപയോഗിച്ചിരുന്ന തുണികള്‍, മെഴുകുതിരികൾ, ലോഹ പൂക്കൾ, മറ്റ് ആരാധനാ വസ്തുക്കൾ എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്.
ജെറുസലേമിലെ ഹോളി സെപൽക്കർ പള്ളിയിൽ സേവനമനുഷ്ഠിച്ചിരുന്ന ഫ്രാൻസിസ്കൻ സന്യാസിമാർക്ക് രാജാക്കന്മാരും രാജ്ഞികളും നൽകിയ സമ്മാനങ്ങളായിരുന്നു അവയിൽ പലതും. യുദ്ധങ്ങളിലോ പ്രകൃതി ദുരന്തങ്ങളിലോ ഇവയില്‍ പലതും യൂറോപ്പില്‍ നശിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും, ഈ അപൂര്‍വ്വ നിധികൾ ജെറുസലേമിൽ സൂക്ഷിച്ചു വരികയായിരിന്നു. ലോകമെമ്പാടുമുള്ള സന്ദർശകരെ ഈ പ്രദർശനം ആകർഷിച്ചിട്ടുണ്ടെന്ന് മ്യൂസിയം അധികൃതർ പറയുന്നു.
ക്രിസ്തീയ വിശ്വാസത്തിന്റെയും ആരാധനയുടെയും ചരിത്രം, പ്രതീകാത്മകത, സൗന്ദര്യം എന്നിവ അനുഭവിക്കാനുള്ള അപൂർവ അവസരമായാണ് നിരവധി പേർ പ്രദർശനത്തെ വിശേഷിപ്പിച്ചത്. ജെറുസലേമിലെ ടെറ സാങ്റ്റ മ്യൂസിയത്തിൽ നിന്നും ഹോളി സെപ്പൽക്കർ പള്ളിയിൽ നിന്നുമുള്ള അപൂര്‍വ്വ ശേഖരണമാണ് പ്രദർശനത്തിനായി എത്തിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി ഫ്രാൻസിസ്കൻ സമൂഹമാണ് ഇത് സംരക്ഷിച്ച് വരുന്നത്. ജൂലൈ 12 വരെയാണ് പ്രദർശനം നടക്കുക.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️



















