India - 2026

ജെ.ബി. കോശി റിപ്പോർട്ട് പുറത്തുവിടണമെന്ന് സബ്‌മിഷൻ; മറുപടിയില്ലാതെ മന്ത്രി

പ്രവാചകശബ്ദം 03-02-2026 - Tuesday

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്‌ത്യൻ ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പ്രശ്‌നങ്ങൾ പഠിക്കാനായി നിയോഗിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി നിയമസഭയിൽ ഇടതുമുന്നണി അംഗം ജോബ് മൈക്കിൾ. സബ്‌മിഷനായാണ് ചങ്ങനാശേരി എംഎൽഎ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചത്. എന്നാൽ റിപ്പോർട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് ഒരു കാര്യവും സബ്‌മിഷനു മറുപടി നല്‌കിയ ന്യൂനപക്ഷ ക്ഷേമകാര്യമന്ത്രി അബ്‌ദു റഹ്‌മാൻ സഭയിൽ അറിയിച്ചില്ല.

ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് നല്‌കിയ റിപ്പോർട്ടിൽ 284 പ്രധാന ശിപാർശകളും 45 ഉപശിപാർശകളുമാണ് ഉള്ളതെന്നും ഈ ശിപാർശകൾ 36 വകുപ്പുകൾ മുഖേനെ നടപ്പാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. 17 വകുപ്പുകൾ ലഭ്യമായ ശിപാർശ പൂർണമായും 17 വകുപ്പുകൾ ഭാഗികമായും നടപ്പിലാക്കി. നിലവിൽ പ്രാബല്യത്തിലുള്ള കേന്ദ്ര സംസ്ഥാന നിയമങ്ങൾ, ചട്ടങ്ങൾ, കോടതി ഉത്തരവുകൾ എന്നിവയിൽ മാറ്റം വരുത്തിയാലോ, മറ്റു വകുപ്പുകളിൽ നിന്നും സമ്മതപത്രം ലഭ്യമാക്കിയാലോ നടപ്പാക്കാൻ കഴിയുന്നവയും, സാന്‌പത്തിക ബാധ്യത ഉണ്ടാവുന്ന പക്ഷം അത് പരിഹരിക്കുന്നതിന് ഫണ്ട് വകയിരുത്തുകയോ ചെയ്യേണ്ട ശിപാർശകളും മാത്രമാണ് നടപ്പിലാക്കാൻ ബാക്കിയുള്ളതെന്നാണ് മന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് നടപ്പാക്കേണ്ടതെന്ന് ജെ.ബി. കോശി കമ്മീഷൻ നല്‌കിയ 40 ശിപാർശകളിൽ 33 എണ്ണവും നടപ്പാക്കിയതായി മന്ത്രി വ്യക്തമാക്കി. റവന്യു വകുപ്പ് നടപ്പാക്കേണ്ട 47 ശിപാർശകളിൽ 14 എണ്ണം നടപ്പാക്കിയതായി ആണ് മന്ത്രി നിയമസഭയെ അറിയിച്ചത്. 35 വകുപ്പുകളിലായി 220 ശിപാർശകൾ നടപ്പിലാക്കിയെന്നുമാണ് മന്ത്രി സബ്‌മിഷനു മറുപടിയായി നല്കിയ രേഖയിൽ വ്യക്തമാക്കുന്നത്. എന്നാല്‍ എന്തൊക്കെയാണ് നടപ്പിലാക്കിയതെന്ന കാര്യത്തില്‍ വ്യക്തതഅപ്പോഴും ജസ്റ്റീസ് ജെ.ബി. കോശി റിപ്പോർട്ട് പുറത്തുവിടുന്ന കാര്യത്തിൽ മാത്രം മന്ത്രി നിയമസഭയിൽ ഒരു പരാമർശവും നടത്തിയില്ല.


Related Articles »