India - 2026
ദൈവദാസൻ ജോസഫ് പഞ്ഞിക്കാരന്റെ ധന്യൻ പദവിയില്‍ കൃതജ്ഞതയോടെ കോതമംഗലം രൂപത
പ്രവാചകശബ്ദം 01-02-2026 - Sunday
കോതമംഗലം: ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചൻ്റെ ധന്യപദവിയില്‍ കൃതജ്ഞതയോടെ കോതമംഗലം രൂപതയും എംഎസ്ജെ സന്യാസിനീ സഭയും പൊതുസമൂഹവും. എംഎസ്ജെ സന്യാസിനീ സമൂഹത്തിൻ്റെ സ്ഥാപകപിതാവ് ദൈവദാസൻ ജോസഫ് പഞ്ഞിക്കാരനച്ചനെ ധന്യൻ പദവിയിലേക്ക് ഉയർത്തിയതിൻ്റെ കോതമംഗലം രൂപതാതല ആഘോഷങ്ങളുടെ ഭാഗമായി നടന്ന കൃതജ്ഞതാബലി ഭക്തിസാന്ദ്രമായിരുന്നു. കോതമംഗലം സെന്റ്റ് ജോർജ് കത്തീഡ്രലിൽ നടന്ന കൃതജ്ഞതാബലിയിൽ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ മുഖ്യ കാർമികത്വം വഹിച്ചു.
മുൻ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ, ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, വികാരി ജനറാൾമാരായ മോൺ. പയസ് മലേക്കണ്ടത്തിൽ, മോൺ. വിൻസൻ്റ് നെടുങ്ങാട്ട് എന്നിവരും വിവിധ രൂപതകളിൽ നിന്നും സന്യാസ സമൂഹങ്ങളില്‍ നിന്നുമായി എത്തിയ നൂറോളം വൈദികരും സഹകാർമികരായിരുന്നു. തുടർന്ന് കത്തീഡ്രലിലെ മാർ മാത്യൂസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
സമുദായ ശക്തീകരണ വർഷം ഉദ്ഘാടനം മാർ ജോർജ് പുന്നക്കോട്ടിൽ നിർവഹിച്ചു. ഡീൻ കുര്യാക്കോസ് എംപി, ആൻ്റണി ജോൺ എംഎൽഎ, സിഎംഐ മൂവാറ്റുപുഴ കാർമൽ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ റവ.ഡോ. മാത്യു മഞ്ഞക്കുന്നേൽ, എസ്എബിഎസ് വികാർ പ്രൊവിൻഷ്യൽ സിസ്റ്റർ ഡോ. തെരേസ നടുപ്പടവിൽ, കോതമംഗ ലം മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു, വൈസ് ചെയർമാൻ പ്രിൻസ് വർക്കി, ധന്യൻ്റെ കുടുംബ പ്രതിനിധി ജോവാ ക്കിം ജേക്കബ് പഞ്ഞിക്കാരൻ എന്നിവർ പ്രസംഗിച്ചു.

















