News
തിരുഹൃദയ ഭക്തി കേന്ദ്രമാക്കിയ മെക്സിക്കന്‍ ചിത്രം തീയേറ്ററുകളില്‍
പ്രവാചകശബ്ദം 23-01-2026 - Friday
ജാലിസ്കോ: യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി കേന്ദ്രമാക്കിയ 'ബെൻഡിറ്റോ കൊറാസോൺ' എന്ന ചിത്രം മെക്സിക്കന്‍ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന്. മെക്സിക്കൻ പട്ടണമായ ജാലിസ്കോയിലെ തിരുഹൃദയ ഭക്തി പ്രമേയമാക്കിയ ചിത്രം ഇന്നലെ ജനുവരി 22നാണ് തീയേറ്ററുകളിലെത്തിയത്. മെക്സിക്കൻ വൈദികന് ഫാ. ജോസ് അർതുറോ ലോപ്പസ് കോർനെജോ ഉള്‍പ്പെടെയുള്ളവര്‍ സിനിമയില്‍ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഭർത്താവിന്റെ മദ്യപാനത്താൽ ദാമ്പത്യം തകർന്ന ഒരു ദമ്പതികളുടെ ജീവിതത്തിലൂടെയും ഭാര്യ പ്രാർത്ഥനയിൽ ഉറച്ചുനിൽക്കുന്നതിലൂടെയുമാണ് കഥ കടന്നുപോകുന്നത്. തിരുഹൃദയ ഭക്തിയുടെ വിശ്വാസത്തിന്റെ അനുഭവത്തിലൂടെ സംഭവിക്കുന്ന മാറ്റങ്ങളും സിനിമയില്‍ പ്രമേയമാകുന്നു. തെറ്റുകൾ അംഗീകരിക്കുന്നതിനെക്കുറിച്ചും മികച്ച വ്യക്തിയാകാൻ ശ്രമിക്കുന്നതിനെക്കുറിച്ചും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് സിനിമയെന്ന് നിർമ്മാതാവ് ഫ്രാൻസിസ്കോ പെരെസ് എസിഐ പ്രെൻസയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ന് ജീവിക്കുന്നവരുടെ ഹൃദയങ്ങളെ പരിവർത്തനം ചെയ്യുക എന്നതാണ് സിനിമയുടെ ലക്ഷ്യമെന്നും വിശ്വാസപരമായ ഉള്ളടക്കമുണ്ടെങ്കിലും, അത് കത്തോലിക്കാ പ്രേക്ഷകരെ മാത്രമല്ല എല്ലാവര്ക്കും ഉണ്ടായിരിക്കാവുന്ന മൂല്യത്തിന്റെയും പരിവർത്തനത്തിന്റെയും സന്ദേശമാണ് സിനിമ നല്‍കുന്നതെന്നും നിർമ്മാതാവ് കൂട്ടിച്ചേര്‍ത്തു. സുവിശേഷ പ്രഘോഷണത്തിനായി നവ മാധ്യമങ്ങള്‍ കൃത്യമായി ഉപയോഗിക്കുന്ന ഫാ. ജോസ് അർതുറോയുടെ സാന്നിധ്യം സിനിമയ്ക്കു ആവേശം നല്‍കുന്നുണ്ട്. യൂട്യൂബിൽ ഏകദേശം 3.3 ദശലക്ഷം ഫോളോവേഴ്സാണ് ഈ വൈദികനുള്ളത്.
⧪ പ്രവാചകശബ്ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

















