News

ജീവന്‍ മുഖ്യം; പാരീസിലെ പ്രോലൈഫ് റാലിയില്‍ അണിനിരന്ന് പതിനായിരങ്ങള്‍

പ്രവാചകശബ്ദം 22-01-2026 - Thursday

പാരീസ്: ഫ്രാന്‍സിലെ പ്ലേസ് വോബാനിൽ നടന്ന വാർഷിക പ്രോലൈഫ് റാലിയില്‍ അണിനിരന്നത് പതിനായിരത്തോളം പേര്‍. ജനുവരി 18നു പാരീസിലെ ഹൃദയഭാഗത്ത് നടന്ന മാർച്ച് ഫോർ ലൈഫിലാണ് യുവജനങ്ങളും സ്ത്രീകളും ഉള്‍പ്പെടെ ആയിരങ്ങള്‍ ഒരുമിച്ച് കൂടിയത്. 1975-ൽ ജനുവരി 18നാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന സിമോൺ വെയിലിന്റെ പേരില്‍ ഗർഭഛിദ്രം ആദ്യമായി രാജ്യത്തു നിയമവിധേയമാക്കിയത്. ഇതേ തുടര്‍ന്നു എല്ലാ വർഷവും ജനുവരി 18നാണ് പ്രോലൈഫ് റാലി നടക്കുന്നത്.

2025 മാർച്ചിൽ, ഭേദമാക്കാനാവാത്തതും ഗുരുതരവും മാരകവുമായ ശാരീരികവും മാനസികവുമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന മുതിർന്നവർക്ക് ദയാവധം നിയമവിധേയമാക്കുന്നതിനുള്ള ബിൽ ഫ്രഞ്ച് നാഷണൽ അസംബ്ലി അംഗീകരിച്ചിരിന്നു. ഈ പശ്ചാത്തലത്തില്‍ ഇതിനെതിരെയുള്ള പ്ലക്കാര്‍ഡുകളും മുദ്രവാക്യങ്ങളും റാലിയില്‍ പ്രമേയമായി. ആളുകളെ മരിക്കാൻ സഹായിക്കാമെന്ന് അവർ പറയുകയാണെന്നും പക്ഷേ മരണം നൽകുക എന്നത് തങ്ങളുടെ ജോലിയല്ലായെന്നും റാലിയില്‍ പങ്കെടുത്ത ഡോക്ടർ ജെനീവീവ് ബൂർഷ്വാ ഇ‌ഡബ്ല്യു‌ടി‌എന്‍ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ജീവന്‍ ദൈവത്തിന്റെ സമ്മാനമാണെന്നും അത് തൊടാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഫ്രഞ്ച് ബിഷപ്പ് ഡൊമിനിക് റേ പറഞ്ഞു. ഫ്രാൻസിലും, യൂറോപ്പിലും, ലോകത്തും, മനുഷ്യരാശിയുടെ ഭാവിക്കും സഭയുടെ ഭാവിക്കും ജീവന്‍ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണെന്നും അത് പറയാൻ ധൈര്യം നമുക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയിരകണക്കിന് കത്തോലിക്ക വിശ്വാസികളും മറ്റ് ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ളവരും റാലിയില്‍ പങ്കെടുത്തു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ? ‍