News - 2026
എണ്ണൂറു വര്‍ഷത്തിന്റെ നിറവില്‍ ബ്രസ്സൽസ് കത്തീഡ്രല്‍
പ്രവാചകശബ്ദം 04-01-2026 - Sunday
ബ്രസ്സല്‍സ്: ബെല്‍ജിയന്‍ തലസ്ഥാനമായ ബ്രസ്സൽസില്‍ സ്ഥിതി ചെയ്യുന്ന കത്തീഡ്രലിന്റെ എണ്ണൂറാം വാർഷികാഘോഷങ്ങൾ ജനുവരി 11നു നടക്കും. ലെയോ പതിനാലാമൻ പാപ്പയുടെ പ്രത്യേക പ്രതിനിധിയായി കർദ്ദിനാൾ പിയട്രോ പരോളിന്‍ ചടങ്ങില്‍ പങ്കെടുക്കും. 1226-ലാണ് എൻറിക്കോ രണ്ടാമന്‍ രാജാവിന്റെ തീരുമാനപ്രകാരം, ബ്രസ്സൽസ് കത്തീഡ്രൽ ദേവാലയം നിര്‍മ്മിക്കുന്നത്.
മലിനെസ്-ബ്രസ്സൽസ് അതിരൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് ല്യൂക്ക് തേർലിൻഡന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന എണ്ണൂറാം വര്‍ഷത്തെ വാര്‍ഷിക വിശുദ്ധ ബലിയിൽ നിരവധി കര്‍ദ്ദിനാളുമാരും മെത്രാന്മാരും വിശ്വാസികളും വൈദികരും പങ്കെടുക്കും. ബെൽജിയത്തെ രാജകുടുംബവും ചടങ്ങുകളിൽ സംബന്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ജനുവരി 11ന് നടക്കുന്ന ചടങ്ങുകൾക്ക് പുറമേ, കത്തീഡ്രലിന്റെ ചരിത്രം വ്യക്തമാക്കുന്ന പ്രദർശനം, വർഷം മുഴുവൻ, സംഗീതക്കച്ചേരികള്‍, കോൺഫറൻസുകള്‍, നിരവധി സാംസ്‌കാരിക, ആധ്യാത്മിക ചടങ്ങുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. പാരീസിലെ പ്രസിദ്ധമായ നോട്രഡാം ദേവാലയത്തിന് സമാനമായി ബ്രബാന്റൈൻ ഗോതിക് ശൈലിയിലാണ് വിശുദ്ധ മിഖായേല്‍ മാലാഖയുടെ നാമത്തില്‍ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും പതിനായിരങ്ങളാണ് ദേവാലയം സന്ദര്‍ശിക്കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

















