News

ഡല്‍ഹി കത്തീഡ്രലിലെ തിരുപിറവി ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രവാചകശബ്ദം 25-12-2025 - Thursday

ന്യൂഡൽഹി: രാജ്യമെമ്പാടും സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ക്രിസ്തുമസ് ആക്രമണങ്ങള്‍ക്കിടെ ഡൽഹിയിലെ റിഡംപ്ഷൻ കത്തീഡ്രല്‍ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്തുമസ് ദിനമായ ഇന്നു രാവിലെ ചർച്ച് ഓഫ് നോർത്ത് ഇന്ത്യയുടെ ആസ്ഥാനമായ ചർച്ച് ഓഫ് റിഡംപ്ഷന്‍ കത്തീഡ്രൽ ദേവാലയത്തില്‍ നടന്ന വിശുദ്ധ കുർബാനയടക്കമുള്ള തിരുക്കര്‍മ്മങ്ങളില്‍ പ്രധാനമന്ത്രി മോദി പങ്കെടുത്തു.

പ്രാർത്ഥനകൾ, കരോൾ ഗാനങ്ങൾ, സ്‌തുതിഗീതങ്ങൾ, ഡൽഹി ബിഷപ്പ് ഡോ. പോൾ സ്വരൂപ് പ്രധാനമന്ത്രിക്കുവേണ്ടി നടത്തിയ പ്രത്യേക പ്രാർത്ഥന എന്നിവ ചടങ്ങിൽ ഉൾപ്പെട്ടിരുന്നു. ഇതിനിടെ പ്രധാനമന്ത്രി സന്ദർശനത്തിനെത്തുന്നതിന് മുമ്പായി കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷന് മുന്നിൽ ചില വിശ്വാസികൾ പ്രതിഷേധിച്ചു. വിഐപി സന്ദർശനത്തിന്റെ പേരിൽ വിശ്വാസികൾക്കുള്ള ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി പള്ളിക്ക് മുന്നിൽ ബാരിക്കേഡുകളും മറ്റും സ്ഥാപിച്ച് കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അതേസമയം ക്രിസ്തുമസിനോട് അനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കരോള്‍ സംഘങ്ങള്‍ക്കു നേരെയും ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് നേരെയും നിരവധി ആക്രമണങ്ങളാണ് അരങ്ങേറിയത്. ഇതിനെ അപലപിച്ചു ഭാരത കത്തോലിക്ക മെത്രാന്‍ സമിതി പ്രസ്താവന പുറത്തിറക്കിയിരിന്നു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »