News - 2026
യുവജനങ്ങളെ വിശുദ്ധിയിലേക്ക് നയിക്കാന്‍ സീക്ക് 2026 കോണ്‍ഫറന്‍സിന് തുടക്കം
പ്രവാചകശബ്ദം 03-01-2026 - Saturday
കൊളംബസ്: അമേരിക്കൻ കത്തോലിക്കാ സംഘടനയായ ഫോക്കസ് (Fellowship of Catholic University Students) നടത്തുന്ന വാര്‍ഷിക യുവജന സമ്മേളനമായ സീക്ക് 2026നു തുടക്കമായി. കൊളംബസ്, ടെക്സസിലെ ഫോർട്ട് വർത്ത്, ഡെൻവർ എന്നീ മൂന്ന് നഗരങ്ങളിലായി ഒരേസമയം നടക്കുന്ന സമ്മേളനത്തില്‍ ആകെ 26,000-ത്തിലധികം യുവജനങ്ങളാണ് പങ്കെടുക്കുന്നത്. മൂന്ന് സ്ഥലങ്ങളുടെയും യുവജന സംഗമത്തിന്റെയും പ്രമേയം "ഉയരങ്ങളിലേക്ക്" എന്നതാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ സെന്റ് കാർലോ അക്യുട്ടിസിനൊപ്പം വിശുദ്ധനായി പ്രഖ്യാപിച്ച ഇറ്റാലിയൻ യുവാവ് പിയർ ജോർജിയോ ഫ്രസാത്തിയുടെ ജീവിതത്തിൽ നിന്നാണ് പ്രമേയം എടുത്തിരിക്കുന്നത്.
ദരിദ്രരെ വളരെയധികം കരുതുകയും, ദിവസവും ദിവ്യകാരുണ്യ സ്വീകരിക്കുകയും ചെയ്ത ഫ്രസാത്തി "Verso l’alto" അഥവാ "ഉയരങ്ങളിലേക്ക്" എന്ന വാചകം പതിവായി ഉപയോഗിക്കുന്നുണ്ടായിരിന്നു. യുവജനങ്ങള്‍ക്കു ക്രിസ്തുവുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുവാന്‍ സഹായിക്കുന്ന വിധത്തിലാണ് യുവജന സംഗമം ഒരുക്കിയിരിക്കുന്നത്. ജനുവരി 1ന് കോൺഫറൻസിന്റെ ഉദ്ഘാടന രാത്രിയിൽ, ക്രിസ്തീയ ജീവിതത്തിൽ "ഉയരങ്ങൾ" തേടുന്നതിന്റെ അർത്ഥമെന്താണെന്ന് പ്രഭാഷകർ വിശദീകരിച്ചിരിന്നു.
വിശ്വാസം ആഴപ്പെടുത്താൻ സഹായിക്കുന്ന അനുഭവ സാക്ഷ്യങ്ങള്‍, കുമ്പസാരം, വിശുദ്ധ കുർബാന അര്‍പ്പണം, ദിവ്യകാരുണ്യ ആരാധന, വിശുദ്ധിയില്‍ ജീവിക്കാന്‍ പ്രചോദനാത്മകമായ സെഷനുകൾ എന്നിവയാണ് കോണ്‍ഫറന്‍സിലെ പ്രധാന പരിപാടികൾ. ഫാ. മൈക്ക് ഷ്മിറ്റ്സ്, ഡോ. എഡ്വേർഡ് ശ്രീ, മാറ്റ് ഫ്രാഡ്, ഫാ. ചേസ് ഹിൽജെൻബ്രിക്ക്, സിസ്റ്റര്‍ ജോസഫിൻ ഗാരറ്റ്, സിസ്റ്റര്‍ മേരി ഗ്രേസ്, ഫാ. ജോഷ് ജോൺസൺ, ക്രിസ് സ്റ്റെഫാനിക്, ആർതർ ബ്രൂക്സ്, ഫാ. ഗ്രിഗറി പൈൻ ഉള്‍പ്പെടെ നിരവധി പ്രമുഖ വചനപ്രഘോഷകരാണ് വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നല്‍കുന്നത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?

















