News

റോമിലെ സെന്റ് മേരി മേജർ ബസിലിക്കയുടെ വിശുദ്ധ വാതില്‍ അടച്ചു

പ്രവാചകശബ്ദം 27-12-2025 - Saturday

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി വത്തിക്കാനില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശിക്കുവാന്‍ തുറന്ന വിശുദ്ധ വാതിലുകള്‍ അടയ്ക്കുന്ന ചടങ്ങിന് തുടക്കമായി. ഡിസംബർ 25ന് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയുടെ വിശുദ്ധ വാതിലാണ് ആദ്യമായി അടച്ചത്. ഇതോടെ 2025 ജൂബിലി വർഷത്തിന്റെ സമാപന ചടങ്ങുകള്‍ക്ക് തുടക്കമായി. മരിയൻ ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റ് കർദ്ദിനാൾ റോളാൻഡാസ് മാക്രിക്കാസ് ചടങ്ങിന് നേതൃത്വം നൽകി.

ദൈവീക കൃപയല്ല, സഭയ്‌ക്കുള്ള ഒരു പ്രത്യേക സമയമാണ് അടച്ചിടുന്നതെന്നും എപ്പോഴും തുറന്നിരിക്കുന്നത് ദൈവത്തിന്റെ കരുണാമയമായ ഹൃദയമാണെന്നും കർദ്ദിനാൾ റോളാൻഡാസ് ഊന്നിപ്പറഞ്ഞു. തിരുസഭ നിശ്ചയിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങളോടെ വിശുദ്ധ വാതിലിലൂടെ പ്രവേശിക്കുന്നവര്‍ക്ക് ദണ്ഡവിമോചനം പ്രഖ്യാപിച്ചിരിന്നു. റോമിലെ നാല് പേപ്പൽ ബസിലിക്കകളിൽ ആദ്യമായി വിശുദ്ധ വാതിൽ അടച്ചത് സെന്റ് മേരി മേജര്‍ ബസിലിക്കയിലെ വിശുദ്ധ വാതിലാണ്. ഫ്രാന്‍സിസ് പാപ്പയെ അടക്കം ചെയ്തതും ഈ ബസിലിക്കയിലാണ്.

ഇന്നു ഡിസംബർ 27 ശനിയാഴ്ച, സെന്റ് ജോൺ ലാറ്ററന്‍ ബസിലിക്കയുടെ വിശുദ്ധ വാതിൽ കർദ്ദിനാൾ ബൽദസാരെ റെയ്‌ന അടയ്ക്കും. നാളെ ഡിസംബർ 28 ഞായറാഴ്ച, വിശുദ്ധ പൌലോസിന്റെ നാമധേയത്തിലുള്ള ബസിലിക്കയുടെ വാതിൽ കർദ്ദിനാൾ ജെയിംസ് മൈക്കൽ ഹാർവി അടയ്ക്കും. ജനുവരി 6 ചൊവ്വാഴ്ച, എപ്പിഫനി തിരുനാള്‍ ദിനത്തില്‍ ലെയോ പതിനാലാമൻ മാർപാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിൽ അടയ്ക്കുന്നതോടെ 2025 ജൂബിലി വര്‍ഷാചരണത്തിന് ഔദ്യോഗിക സമാപനമാകും.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »