News

ക്രിസ്ത്യാനിക്ക് ശത്രുക്കളില്ല, മറിച്ച് സഹോദരീ സഹോദരങ്ങളാണുള്ളത്: ലെയോ പാപ്പ

പ്രവാചകശബ്ദം 27-12-2025 - Saturday

വത്തിക്കാന്‍ സിറ്റി; ക്രിസ്ത്യാനിക്ക് ശത്രുക്കളില്ലായെന്നും മറിച്ച് സഹോദരീസഹോദരങ്ങളാണുള്ളതെന്നും ലെയോ പാപ്പ. പ്രഥമരക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസിന്റെ തിരുനാൾ ദിനത്തിൽ വത്തിക്കാനിൽ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. സമകാലീന ലോകത്തിലെ അനിശ്ചിതത്വത്തിന്റെയും കഷ്ടപ്പാടിന്റെയും സാഹചര്യങ്ങളിൽ, ആനന്ദം അസാധ്യമാണെന്ന് തോന്നിയേക്കാമെന്നും രക്തസാക്ഷിത്വം സ്വർഗ്ഗത്തിലെ ജനനമാണെന്നും പാപ്പ പറഞ്ഞു.

നാം ഈ ഭൂമിയിലേക്ക് വരുന്നത് സ്വന്തമായി തീരുമാനമെടുത്തല്ല, എന്നാൽ പിന്നീട്, നമ്മോട് വ്യക്തമായി അറിഞ്ഞുകൊണ്ട്, വെളിച്ചത്തിലേക്ക് വരാനും, വെളിച്ചം തിരഞ്ഞെടുക്കാനും ആവശ്യപ്പെടുന്ന ഒരുപാട് അനുഭവങ്ങളിലൂടെ നാം കടന്നുപോകാറുണ്ട്. സ്തേഫാനോസ് രക്തസാക്ഷിത്വത്തിലേക്ക് കടന്നുപോകുന്നത് കണ്ടവർ അദ്ദേഹത്തിന്റെ മുഖത്തെ പ്രകാശവും അദ്ദേഹത്തിന്റെ വാക്കുകളും കണ്ട് അത്ഭുതപ്പെട്ടുവെന്ന് അപ്പോസ്തലന്മാരുടെ പ്രവൃത്തികളിലെ വിവരണം സാക്ഷ്യപ്പെടുത്തുന്നു.

സിനഗോഗിലുണ്ടായിരുന്നവർ അവന്റെ നേരെ സൂക്ഷിച്ചുനോക്കി, അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ കാണപ്പെട്ടു (അപ്പ. പ്രവ. 6:15). ചരിത്രത്തെക്കുറിച്ച് നിസംഗതയോടെ കടന്നുപോകാതെ, അതിനെ സ്നേഹത്തോടെ അഭിമുഖീകരിക്കുന്നവന്റെ മുഖമാണത്. സ്തേഫാനോസ് ചെയ്യുകയും പറയുകയും ചെയ്യുന്നതെല്ലാം, യേശുവിൽ വെളിവാക്കപ്പെട്ട ദിവ്യസ്നേഹത്തെയും, അന്ധകാരത്തിൽ തെളിഞ്ഞ പ്രകാശത്തെയും പ്രതിനിധാനം ചെയ്യുന്നു.

ലോകത്തിന്റെ എല്ലായിടങ്ങളിലും, വലിയ വില നൽകേണ്ടിവരുമ്പോഴും നീതി തിരഞ്ഞെടുക്കുന്ന, തങ്ങളുടെ ഭീതികളെക്കാൾ സമാധാനത്തിന് പ്രാധാന്യം നൽകുന്ന, തങ്ങളെത്തന്നെ സേവിക്കുന്നതിന് പകരം പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്ന മനുഷ്യരുണ്ട്. സമകാലീന ലോകത്തിലെ അനിശ്ചിതത്വത്തിന്റെയും കഷ്ടപ്പാടിന്റെയും സാഹചര്യങ്ങളിൽ, ആനന്ദം അസാധ്യമാണെന്ന് തോന്നിയേക്കാം. ഇന്ന്, സമാധാനത്തിൽ വിശ്വസിക്കുകയും, യേശുവിന്റെയും രക്തസാക്ഷികളുടെയും ആയുധരഹിതമായ വഴി തിരഞ്ഞെടുക്കുകയും ചെയ്തവർ പലപ്പോഴും അപഹാസ്യരാകുകയും, പൊതുചർച്ചകളിൽനിന്ന് മാറ്റിനിറുത്തപ്പെടുകയും ചെയ്യുന്നുണ്ട്.

എന്നാൽ ക്രിസ്ത്യാനിക്ക് ശത്രുക്കളില്ല, മറിച്ച് സഹോദരീസഹോദരങ്ങളാണുള്ളത്, പരസ്പരം മനസ്സിലാകാത്ത അവസരങ്ങളിൽപ്പോലും അതങ്ങനെതന്നെ തുടരുന്നു. അഹങ്കാരത്തെ പരിചരണവും, അവിശ്വാസത്തെ വിശ്വാസവും ഉപയോഗിച്ച് പ്രതിരോധിക്കുകയും, ജീവനെ ശുശ്രൂഷിക്കുകയും ചെയ്യുന്ന എല്ലാ സ്ത്രീകളിലും അനുഗ്രഹീതയായ മറിയത്തോട് നമുക്ക് അപേക്ഷിക്കുകയും അവളെക്കുറിച്ച് ധ്യാനിക്കുകയും ചെയ്യാം. വെയിലിൽ മഞ്ഞുരുകുന്നതുപോലെ, എല്ലാ ഭയങ്ങളെയും ഭീഷണികളെയും ഇല്ലാതാക്കുന്ന ആനന്ദത്തിലേക്ക്, തന്റെ സ്വന്തം ആനന്ദത്തിലേക്ക് മറിയം നമ്മെയും നയിക്കട്ടെയെന്നും പാപ്പ പറഞ്ഞു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »