India - 2026
ആർച്ച് ബിഷപ്പ് എമിരറ്റസ് സൂസപാക്യം പിതാവ് എണ്‍പതിന്റെ നിറവില്‍
പ്രവാചകശബ്ദം 12-03-2026 - Thursday
തിരുവനന്തപുരം: കേരളത്തില്‍ ജാതിമത ഭേദമന്യേ ഏവരുടെയും മനസ്സില്‍ വലിയ സ്വാധീനം ചെലുത്തിയ തിരുവനന്തപുരം ആർച്ച് ബിഷപ്പ് എമിരറ്റസ് ഡോ.എം. സൂസപാക്യം പിതാവ് എണ്‍പതിന്റെ നിറവില്‍. എൺപതാം പിറന്നാൾ ആഘോഷങ്ങൾ ലളിതമായ ചടങ്ങുകളോടെ ഇന്നലെ മംഗലപുരം കാരമൂട് സെൻ്റ് വിൻസന്റ്റ്സ് മൈനർ സെമിനാരിയിൽ നടന്നു. മധ്യാഹ്ന പ്രാർത്ഥനയോടെയാണ് ലളിതമായ പിറന്നാള്‍ ചടങ്ങുകൾ ആരംഭിച്ചത്. പുനലൂർ രൂപതാധ്യക്ഷൻ ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ, അതിരൂപത ചാൻസലർ ഫാ.ജി. ജോസ് തുടങ്ങിയവർ പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനും ആശംസകൾ അർപ്പിക്കുന്നതിനായി എത്തിയിരുന്നു. മൈനർ സെമിനാരി റെക്ടർ ആൻഡ്രൂസ് കോസ്മോസ്, പ്രിഫെക്‌ട് വൈദികരായ ഫാ.ജെബിൻ, ഫാ.വർഗീസ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
1946 മാർച്ച് 11നായിരുന്നു തൂത്തൂർ ഫെറോനയിലെ മാർത്താണ്ഡം തുറയിൽ മത്സ്യത്തൊഴിലാളിയായ മരിയ കലിസ്റ്റസിന്റെയും ത്രേസ്യാമ്മയുടെയും മകനായി സൂസപാക്യത്തിന്റെ ജനനം. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം 1958-ൽ സെമിനാരിയിൽ ചേർന്നു. 1969 ഡിസംബർ 20ന് ബിഷപ്പ് ഡോ. പീറ്റർ ബർണാഡ് പേരേരയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. 20 വർഷങ്ങൾക്കു ശേഷം 1990 -ൽ പിന്തുടർച്ചാവകാശമുള്ള സഹായ മെത്രാനായി നിയമിതനായി. 1991 ജനുവരി 31ന് സ്വതന്ത്ര ചുമതലയുള്ള ബിഷപ്പായി സ്ഥാനമേറ്റു.
തിരുവനന്തപുരം രൂപത അതിരൂപതയായി 2004 ജൂൺ ഏഴിന് ഉയർത്തപ്പെട്ടതോടെ ആ വർഷം ഓഗസ്റ്റ് 23ന് ആർച്ച് ബിഷപ്പായും സ്ഥാനാരോഹിതനായി. മാർത്താണ്ഡം തുറയിലെ സാധാരണ കുടുംബത്തിൽ നിന്നും തിരുവനന്തപുരം അതിരൂപതയുടെ ആർച്ച് ബിഷപ്പായി, രണ്ടു ലക്ഷത്തോളം വരുന്ന വിശ്വാസികളുടെ ആധ്യാത്മിക പിതാവായി മാറുമ്പോഴും മാറ്റമില്ലാതെ തുടർന്നത് നിലപാടുകളിലെ സ്ഥിരതയും, സുവിശേഷ തീക്ഷ്ണതയും, ലാളിത്യവുമൊക്കെത്തന്നെയായിരുന്നു. പൊതു ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തുക തിരുവനന്തപുരത്തിന്റെ തീരദേശ ഇടവകകളിൽ സാമൂഹിക ഉന്നമനത്തിനും മാറ്റത്തിനുമായി നിശബ്ദമായി നിരന്തരമായി പോരാടിയ വ്യക്തി എന്ന നിലയിലാണ്.
മാറ്റമുണ്ടാവുന്നത് ഉയർന്ന ശബ്ദം കൊണ്ടോ തുടർച്ചയായ അഭിപ്രായപ്രകടനങ്ങൾ കൊണ്ടോ അല്ലെന്നും നിരന്തരമായ പ്രാർത്ഥനയിലൂടെയും, വ്യക്തിപരമായ തിരുത്തലുകളിലൂടെയും, മുൻപേ നടക്കുന്ന മാതൃകയിലൂടെയുമാണെന്നും അദ്ദേഹത്തിന്റെ ജീവിതം ഓർമിപ്പിച്ചു. മദ്യം മാത്രമല്ല സാമ്പത്തിക ദുർവ്യയവും, സമ്പാദ്യശീലമില്ലായ്മയും, ആഡംബരവും, ധൂർത്തും കൊടികുത്തിവാണിരുന്ന സമൂഹത്തിനു മുന്നിൽ വിശ്വാസത്തിന്റെ മാതൃക നല്‍കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിന്നു.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️

















