Seasonal Reflections - 2026

അവസാനിപ്പിക്കാം വിലപേശലുകൾ | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 25

സി. റെറ്റി ജോസ് എഫ്‌സി‌സി/ പ്രവാചകശബ്ദം 12-03-2026 - Thursday

"ഞാന്‍ അവനെ നിങ്ങള്‍ക്ക്‌ ഏല്‍പിച്ചു തന്നാല്‍ നിങ്ങള്‍ എനിക്ക്‌ എന്തു തരും?" (മത്തായി 26:15).

ലളിതമായ ഒരു വിലപേശലായി തോന്നാമെങ്കിലും, ഇതിന് പിന്നിൽ മാനുഷികമായ വീഴ്ചകളുടെയും ദൈവികമായ കാരുണ്യത്തിന്റെയും വലിയൊരു ചരിത്രമുണ്ട്. യൂദാസ് യേശുവിന മുപ്പതു വെള്ളിക്കാശിന് ഒറ്റിക്കൊടുത്തത് പഴയനിയമത്തിലെ രണ്ട് പ്രധാന സംഭവങ്ങളുടെ പൂർത്തീകരണമായി സഭാപിതാക്കന്മാർ കാണുന്നു: സ്വന്തം സഹോദരന്മാർ യൗസേപ്പിനെ ഇരുപത് വെള്ളിക്കാശിന് വിറ്റതിന്റെ (ഉല്പത്തി 37:28) ആവർത്തനമാണിത്. എന്നാൽ യൗസേപ്പ് ഈജിപ്തിന്റെ രക്ഷകനായതുപോലെ, ഈശോ ലോകത്തിന്റെ രക്ഷകനായി മാറി.

പ്രവാചകനായ സഖറിയായുടെ( 11 : 12 )എന്ന പ്രവചനം ഇവിടെ അന്വർത്ഥമാകുന്നു. അവര്‍ എന്റെ കൂലിയായി മുപ്പതുഷെക്കല്‍ വെള്ളി തൂക്കിത്തന്നു. മുപ്പതു വെള്ളിക്കാശ് എന്നത് അക്കാലത്ത് ഒരു അടിമയുടെ വിലയായിരുന്നു (പുറപ്പാട് 21:32) പ്രപഞ്ചനാഥനെ ഒരു അടിമയുടെ വിലയ്ക്ക് വിൽക്കുന്നതിലൂടെ മനുഷ്യന്റെ നന്ദികേടിന്റെ ആഴമാണ് വെളിപ്പെടുന്നത്.

ബഥാനിയായിൽ മറിയം വിലയേറിയ തൈലം ഈശോയുടെ പാദങ്ങളിൽ ഒഴിച്ചതിന് തൊട്ടുപിന്നാലെയാണ് യൂദാസ് ഈ വിലപേശൽ നടത്തുന്നത്. സ്നേഹത്തിന്റെ പരിമളം പരന്നയിടത്ത് ആർത്തിയും അന്ധതയും നിമിത്തം സ്വാർത്ഥതയുടെ ദുർഗന്ധം കടന്നുവന്നു. യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തത് ഭയം കൊണ്ടല്ല, മറിച്ച് ധനമോഹം (Avarice) കൊണ്ടാണ് മഹാനായ വിശുദ്ധ ലിയോ നിരീക്ഷിക്കുന്നു. പണം ദൈവമായി മാറുന്നിടത്ത് ഗുരുവും ദൈവവും വിൽക്കപ്പെടും.

യൂദാസിന്റെ വീഴ്ച കേവലം ഒരു ചരിത്രമല്ല, മറിച്ച് ദൈവത്തെക്കാൾ ഉപരിയായി ലൗകിക നേട്ടങ്ങളെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിക്കും സംഭവിക്കാവുന്ന ദുരന്തമാണെന്ന് ബെനഡിക്ട് പതിനാറാമൻ പാപ്പ പഠിപ്പിക്കുന്നു. ഈ നോമ്പുകാലത്ത് നാം നമ്മോടുതന്നെ ചോദിക്കേണ്ട ചോദ്യം ഇതാണ്: "ഞാൻ എന്റെ ക്രിസ്തുവിനെ എത്ര രൂപയ്ക്കാണ് വിൽക്കുന്നത്?" ലൗകിക സുഖങ്ങൾക്കോ, ചെറിയ സ്ഥാനമാനങ്ങൾക്കോ, പണത്തിനോ വേണ്ടി നാം പലപ്പോഴും നമ്മുടെ മനസാക്ഷിയെയും വിശ്വാസത്തെയും ഒറ്റിക്കൊടുക്കുന്നുണ്ടോ?:

"എന്തു തരും?" എന്ന ചോദ്യത്തിന് ലോകം നൽകുന്ന മറുപടി നശ്വരമായ വെള്ളിക്കാശുകളാണ്. എന്നാൽ ഈശോ നമുക്ക് പകരമായി നൽകുന്നത് അവിടുത്തെ ജീവൻ തന്നെയാണ്. നോമ്പിന്റെ ഈ വിശുദ്ധ ദിനങ്ങളിൽ, വിലപേശലുകൾ അവസാനിപ്പിച്ച് അവിടുത്തെ സ്നേഹത്തിന് മുന്നിൽ പൂർണ്ണമായി ശരണപ്പെടാം.


Related Articles »