India - 2026
കത്തോലിക്ക കോൺഗ്രസിന്റ 108-ാം ജന്മവാർഷിക സമ്മേളനത്തിനും മഹാറാലിയ്ക്കും കണ്ണൂര്‍ ഒരുങ്ങുന്നു
പ്രവാചകശബ്ദം 12-03-2026 - Thursday
കണ്ണൂർ: 'സമുദായ ശക്തീകരണം രാഷ്ട്രപുരോഗതിക്ക്' എന്ന മുദ്രാവാക്യവുമായി അഖിലകേരള കത്തോലിക്ക കോൺഗ്രസിന്റ 108-ാം ജന്മവാർഷിക സമ്മേളനവും മഹാറാലിയും നാളെയും മറ്റന്നാളുമായി കണ്ണൂരിൽ നടക്കുമെന്ന് തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. തലശേരി അതിരൂപതയാണ് ഇത്തവണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
1918ൽ രൂപീകൃതമായതു മുതൽ രാജ്യത്തിൻ്റെ വളർച്ചയ്ക്കും കേരളത്തിൻ്റെ നവോത്ഥാനത്തിനും ക്രൈസ്തവ സമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലയിൽ കത്തോലിക്ക കോൺഗ്രസ് ശക്തമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കാർഷിക മേഖലയോടുള്ള വിവേചനവും വന്യജീവി ആക്രമണങ്ങളും കുടിയിറക്ക് ഭീഷണിയും അർഹതപ്പെട്ട അവ കാശനിഷേധങ്ങളും യുവജന പലായനവും സർക്കാരുകളുടെ വികസന വിരുദ്ധ നിലപാടുകളും ചർച്ച ചെയ്യപ്പെടുന്ന സംഗമത്തിൽ സമുദായത്തിൻ്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
14ന് രാവിലെ 9.30ന് കണ്ണൂർ ശ്രീപുരം ക്‌നാനായ പാസ്റ്ററൽ സെൻ്ററിൽ കത്തോലിക്ക കോൺഗ്രസ് പ്രതിനിധി സമ്മേളനം നടക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ണൂർ പോലീസ് മൈതാനിയിൽ ക്രമീകരിച്ചിട്ടുള്ള ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽനിന്ന് ആരംഭിക്കുന്ന ഒരു ലക്ഷത്തോളം പേരുടെ മഹാറാലി ആർച്ച് ബിഷപ്പ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം ഫ്ലാഗ് ഓഫ് ചെയ്യും.
റാലി സമ്മേളനനഗരിയിൽ എത്തുന്‌പോൾ നടക്കുന്ന അന്തർദേശീയ സമുദായ ശക്തീകരണ സമ്മേളനം സീറോ മലബാർ സഭാ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറന്‌പിൽ അധ്യക്ഷത വഹിക്കും.
തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണവും ബിഷപ്പ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹപ്രഭാഷണവും നടത്തും. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവർ സന്ദേശങ്ങൾ നല്‌കും. ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണവും ജനറൽ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയിൽ വിഷയാവതരണവും നടത്തും. സമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് ആരംഭിക്കുന്ന ഗ്ലോബൽ ബിസിനസ് നെറ്റ‌്വർക്ക് പോർട്ടലിന്റെ ഉദ്ഘാടനവും നടക്കും.
സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും എല്ലാ രൂപതകളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഗ്ലോബൽ റിസോഴ്‌സ് ടീം മെംബർ ജോ ണി തോമസ്, ആന്‍റോ തെരുവംകുന്നേൽ, തലശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ എന്നിവരും പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

















