News
ദൈവദാസൻ മോൺ. ജോസഫ് പഞ്ഞിക്കാരന്‍ ധന്യ പദവിയില്‍
പ്രവാചകശബ്ദം 19-12-2025 - Friday
വത്തിക്കാന്‍ സിറ്റി: കോതമംഗലം: ജീവകാരുണ്യ, ആതുരസേവന രംഗങ്ങളിലെ പുരോഹിതമുഖവും മെഡിക്കൽ സിസ്റ്റേഴ്‌സ് ഓഫ് സെൻ്റ് ജോസഫ് (ധർമഗിരി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസൻ മോൺ. ജോസഫ് പഞ്ഞിക്കാരനെ ധന്യ പദവിയിലേക്ക് ഉയര്‍ത്തി. ചരിത്രകാരന്മാരുടെയും ദൈവശാസ്ത്രജ്ഞരുടെയും സുദീർഘമായ പഠനങ്ങളും കർദ്ദിനാളുമാരുടെ സംഘത്തിന്റെ പരിശോധനകളും പൂർത്തിയാക്കിയതിനെത്തുടർന്നാണ് മോൺ. പഞ്ഞിക്കാരനെ ധന്യപദവിയിലേക്കുയർത്തുന്നത്.
1949 നവംബർ നാലിന് അന്തരിച്ച മോൺ. പഞ്ഞിക്കാരനെ 2010 ജൂലൈ 18ന് ദൈവദാസനായി പ്രഖ്യാപിച്ചിരുന്നു. 2015 ജൂൺ 23ന് രൂപതാതലപഠനങ്ങൾ പൂർത്തിയാക്കി മുഴുവൻ രേഖകളും വത്തിക്കാനു സമർപ്പിച്ചിരിന്നു. 1888 സെപ്റ്റംബർ 10ന് ചേർത്തലയിൽ ഉഴുവയിൽ പഞ്ഞിക്കാരൻ ചാക്കോച്ചന്‍റെയും മറിയത്തിന്‍റെയും മൂന്നാമത്തെ മകനായാണ് ഫാ. ജോസഫ് പഞ്ഞിക്കാരൻ ജനിച്ചത്. സുറിയാനി കത്തോലിക്കരുടെ ഇടയിൽനിന്ന് ആദ്യമായി എംഎ പാസായ അദ്ദേഹം പ്രേഷിതപ്രവർത്തനത്തിനുള്ള ആഗ്രഹവുമായി എറണാകുളത്തുള്ള സെമിനാരിയിൽ ചേർന്നു.
വൈദിക പഠനം പൂർത്തിയാക്കി 1918 ഡിസംബർ 21ന് വൈദികനായി അഭിഷിക്തനായി. പൗരോഹിത്യത്തിന്റെ ആദ്യ കാലത്ത് ആലുവ സെന്റ് മേരീസ് സ്‌കൂളിൽ അധ്യാപകനായി സേവനം ചെയ്തിരിന്നു. പ്രേഷിത പ്രവർത്തനത്തിനുള്ള വിളി തിരിച്ചറിഞ്ഞ് ആർച്ച് ബിഷപ്പ് മാർ അഗസ്റ്റിൻ കണ്ടത്തിലിന്റെ അനുമതിയോടെ അധ്യാപകവൃത്തി വിട്ട് പാവപ്പെട്ടവരുടെയും ദളിതരുടെയും മധ്യത്തിലേക്കിറങ്ങി. രോഗികളും അവശരും ആലംബഹീനരുമായ ആളുകൾക്കിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രേഷിത പ്രവർത്തനം. ഇന്നത്തെ എറണാകുളം, കോതമംഗലം, ഇടുക്കി രൂപതകൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലായിരിന്നു അദ്ദേഹത്തിന്റെ സേവനം.
എറണാകുളം അതിരൂപതയുടെ ഭാഗമായ കിഴക്കൻ മലയോരപ്രദേശങ്ങളിൽ കോതമംഗലം കേന്ദ്രീകരിച്ചു പ്രേഷിതപ്രവർത്തനം ശക്തിപ്പെടുത്തിയ ഫാ. പഞ്ഞിക്കാരൻ അവിടെ സ്ഥലം വാങ്ങി ധർമഗിരി എന്ന പേരിൽ ചികിത്സാകേന്ദ്രം ആരംഭിച്ചു. രോഗികൾ കൂടിയപ്പോൾ ഡോക്‌ടറുടെ സഹായം തേടി. ഡോക്‌ടർമാർക്ക് പണം നൽകി രോഗികളെ സൗജന്യമായി ചികിത്സിക്കാൻ സാധിക്കില്ലെന്നറിഞ്ഞ് ഒരു പുതിയ സന്യാസ സമൂഹം സ്ഥാപിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് 1944ൽ മെഡിക്കൽ സിസ്റ്റേഴ്‌സ് ഓഫ് സെൻ്റ് ജോസഫ് (ധർമഗിരി) സന്യാസിനീ സമൂഹമായി രൂപം കൊണ്ടത്. എംഎസ്ജെ സന്യാസിനിമാർ കേരളത്തിലും പുറത്തും വിദേശ രാജ്യങ്ങളിലും ശുശ്രൂഷ ചെയ്യുന്നുണ്ട്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















