News - 2026
മെക്സിക്കോയില്‍ കത്തോലിക്ക വൈദികന് നേരെ കത്തിയാക്രമണം
പ്രവാചകശബ്ദം 28-11-2025 - Friday
ബാജ കാലിഫോർണിയ: മെക്സിക്കോയിലെ ബാജ കാലിഫോർണിയയിലെ രൂപത വൈദികന് നേരെ കത്തിയാക്രമണം. നവംബർ 26ന് രാത്രിയിൽ, ടിജുവാന അതിരൂപതയിലെ ഒരു വൈദികനെ ആക്രമിച്ച് കുത്തിപരിക്കേല്‍പ്പിക്കുകയായിരിന്നു. പ്ലേയാസ് ഡി റൊസാരിറ്റോ മുനിസിപ്പാലിറ്റിയിലെ സാന്റിസിമോ സാക്രമെന്റോ ഇടവക വികാരിയായ ഫാ. റോൾഡൻ അന്റോണിയോ സാഞ്ചസ് ഗാംബോവ എന്ന വൈദികനാണ് ഗുരുതരമായ പരിക്കേറ്റത്.
ടിജുവാന അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ മോൺസിഞ്ഞോർ മാരിയോ വില്ലാനുവേവ അരെല്ലാനോയാണ് ആക്രമണ വിവരം മാധ്യമങ്ങളെ അറിയിച്ചത്. സമൂഹത്തിലെ അരക്ഷിതാവസ്ഥയുടെയും അക്രമത്തിന്റെയും വിപത്തിന് ഉദാഹരണമാണ് ഈ ആക്രമണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (ഐഇപി) തയ്യാറാക്കിയ മെക്സിക്കോ പീസ് ഇൻഡക്സ് 2025 പ്രകാരം, മെക്സിക്കോയിലെ 32 സംസ്ഥാനങ്ങളില്‍ ഏറ്റവും ആക്രമണങ്ങള്‍ അരങ്ങേറുന്ന നാലാമത്തെ സംസ്ഥാനമാണ് ബാജ കാലിഫോർണിയ.
കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ മെക്സിക്കോയില്‍ അരങ്ങേറുന്ന ആക്രമണങ്ങള്‍ക്ക് വൈദികരും ഇരകളാകുന്നുണ്ട്. വൈദികര്‍ക്ക് നേരെ ലോകത്തു ഏറ്റവും അധികം ആക്രമണം നടക്കുന്ന രാജ്യമാണ് മെക്സിക്കോയെന്ന് കാത്തലിക് മൾട്ടിമീഡിയ സെന്റർ (CCM) നേരത്തെ വ്യക്തമാക്കിയിരിന്നു. 2018 നും 2024 നും ഇടയിൽ ആറ് വര്‍ഷത്തിനിടെ 10 മെക്സിക്കന്‍ വൈദികരാണ് കൊല്ലപ്പെട്ടത്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















