News

ലെബനോനില്‍ പരിക്കേറ്റവരെ സഹായിക്കുന്നതിനിടെ ബോംബാക്രമണത്തിൽ വൈദികന്‍ കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 11-03-2026 - Wednesday

ബെയ്റൂട്ട്: തെക്കൻ ലെബനോനിലെ ക്ലായയില്‍ ഇസ്രായേലി സേന നടത്തിയ ബോംബാക്രമണത്തിൽ വൈദികന്‍ കൊല്ലപ്പെട്ടു. ബോംബാക്രമണത്തിൽ വീട് തകർന്ന പരിക്കേറ്റവരെ സഹായിക്കുന്നതിനിടെയാണ് മാരോണൈറ്റ് സഭാംഗവും ക്ലായയിലെ ഇടവക വികാരിയുമായ ഫാ. പിയറി എൽ റായി എന്ന വൈദികന്‍ ദാരുണമായി കൊല്ലപ്പെട്ടത്. മാര്‍ച്ച് ഒൻപതാം തീയതി തിങ്കളാഴ്ചയാണ് ഇസ്രായേലി സേന ബോംബാക്രമണം നടത്തിയത്.

ഇസ്രയേൽ സൈന്യത്തിൽനിന്നുള്ള നിരന്തരമായ പലായന മുന്നറിയിപ്പുകൾക്കിടയിൽ പ്രദേശത്തു തുടർന്നുകൊണ്ട് ക്രൈസ്തവരുൾപ്പെടെയുള്ള ജനങ്ങൾക്ക് മാനസിക പിന്തുണയും സഹായവും നൽകി വരികയായിരുന്നു ഫാ. പിയർ. ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ (ACN) പ്രോജക്ട് പങ്കാളി കൂടിയായിരുന്നു ഫാ. എൽ റായ്. ഏകദേശം 3,000 ഇടവകക്കാർക്ക് സംഘടനയുടെ സേവനം ലഭ്യമാക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചിരിന്നു.

തെക്കൻ ലെബനോനിൽ വർദ്ധിച്ചുവരുന്ന അരക്ഷിതാവസ്ഥ ഉണ്ടായിരുന്നിട്ടും, നിരവധി വൈദികരും സന്യാസിനികളും അവരുടെ സമൂഹങ്ങളിൽ തന്നെ തുടരാൻ തീരുമാനിച്ചിരിന്നതായി എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ജീവനക്കാർ വെളിപ്പെടുത്തി. വീടുകളും ഭൂമിയും ഉപജീവനമാർഗവും ഉപേക്ഷിക്കാൻ തയ്യാറാകാതെ നിരവധി ക്രിസ്ത്യൻ കുടുംബങ്ങളും ഗ്രാമങ്ങളിൽ തന്നെ തുടരുകയാണ്. അതേസമയം, ഇസ്രായേല്‍ സേന ലെബനോനിൽ നടത്തുന്ന വ്യോമാക്രമണത്തിൽ നിരവധി ക്രൈസ്‌തവർ കൊല്ലപ്പെട്ടതായാണ് വിവരം. മാരോണൈറ്റ് വൈദികന്റെയും ബോംബാക്രമണങ്ങളുടെ മറ്റ് ഇരകളുടെയും വിയോഗത്തില്‍ ലെയോ പാപ്പ ദുഃഖം പ്രകടിപ്പിച്ചു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »