News
ഏഷ്യൻ മിഷ്ണറി കോൺഗ്രസിന് മലേഷ്യയില്‍ ആരംഭം
പ്രവാചകശബ്ദം 28-11-2025 - Friday
ക്വാലാലംപുർ: പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളും സുവിശേഷവത്കരണ കാര്യാലയവും ഏഷ്യയിലെ മെത്രാൻ സമിതികളുടെ ഫെഡറേഷനും (എഫ്എബിസി) സംയുക്തമായി സംഘടിപ്പിക്കുന്ന ഏഷ്യൻ ഭൂഖണ്ഡത്തിലെ സഭകളുടെ മിഷ്ണറി കോൺഗ്രസിന് മലേഷ്യയിലെ പെനാംഗിൽ തുടക്കമായി. ഇന്നലെ ആരംഭിച്ച സമ്മേളനം സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് കർദ്ദിനാൾ ലൂയിസ് താഗ്ലെ ഉദ്ഘാടനം ചെയ്തു.
സീറോമലബാർ സഭയെ പ്രതിനിധീകരിച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സിബിസിഐ അധ്യക്ഷനും തൃശൂർ ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ജോർജ് രാജേന്ദ്രൻ എന്നിവരടക്കം 14 പ്രതിനിധികളാണു പങ്കെടുക്കുന്നത്. ഇന്നു നവംബർ 28ന് നടക്കുന്ന സമ്മേളനത്തിൽ, "ഏഷ്യയിലെ ജനങ്ങള്‍ ഒരുമിച്ച് നടക്കുക" എന്ന വിഷയത്തിൽ, മലേഷ്യയിലെ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൈമൺ പൊഹ് പ്രഭാഷണം നടത്തും.
മിഷ്ണറി കോൺഗ്രസിൽ 10 കർദ്ദിനാളുമാർ, നൂറിലധികം ബിഷപ്പുമാർ, നൂറ്റിഅന്‍പതിലധികം വൈദികർ, 75 സന്യാസിനികൾ , അഞ്ഞൂറിലധികം അത്മായർ എന്നിവരുൾപ്പെടെ ഭൂഖണ്ഡത്തിലെ എല്ലാ കത്തോലിക്കാ സമൂഹങ്ങളിൽ നിന്നുമുള്ള ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കും. ഏഷ്യയിലെ സഭയുടെ ഭാവിക്കായി പിന്തുടരേണ്ട പാത എന്താണെന്ന് കോൺഗ്രസിൽ പ്രത്യേകം ചർച്ച ചെയ്യും. 'പ്രത്യാശയുടെ മഹത്തായ തീർഥാടനം' എന്ന പ്രമേയത്തിലാണ് 30 വരെയാണ് സമ്മേളനം.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















