News - 2026

നൈജറിൽ ക്രിസ്ത്യൻ മിഷ്ണറിയുടെ മോചനത്തിനായി പ്രാര്‍ത്ഥനകള്‍ യാചിച്ച് വൈദികന്‍

പ്രവാചകശബ്ദം 25-10-2025 - Saturday

നിയാമി: ആഫ്രിക്കന്‍ രാജ്യമായ നൈജറിൽ തട്ടിക്കൊണ്ടുപോയ ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ മിഷ്ണറിയുടെ സുരക്ഷിതമായ മോചനത്തിനായി പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് കത്തോലിക്ക വൈദികന്‍. ജിഹാദികളെന്ന് സംശയിക്കപ്പെടുന്ന മൂന്ന് അജ്ഞാത ആയുധധാരികളാണ് അമേരിക്കൻ മിഷ്ണറിയായ കെവിൻ റൈഡൗട്ടിനെ രാജ്യത്തിന്റെ തലസ്ഥാനമായ നിയാമിയിൽ നിന്ന് തട്ടിക്കൊണ്ടുപോയതെന്ന് ആഫ്രിക്കയിലെ സിഎൻഎയുടെ വാർത്താ പങ്കാളിയായ എസിഐ ആഫ്രിക്കയുമായി പങ്കിട്ട കുറിപ്പിൽ പറയുന്നു.

ഇവാഞ്ചലിക്കൽ, മെഡിക്കൽ, മന്ത്രാലയങ്ങളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം ഏവിയേഷൻ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനും മറ്റും നിരവധി ഇടപെടലുകള്‍ നടത്തിയിരിന്നു. ഇതിനെല്ലാം പുറമെയായിരിന്നു അദ്ദേഹത്തിന്റെ മിഷ്ണറി പ്രവര്‍ത്തനങ്ങള്‍. തട്ടിക്കൊണ്ടുപോയവർ തില്ലബെരി മേഖലയിലേക്കാണ് പോയതെന്നാണ് അന്വേഷണത്തിൽ നിന്നുള്ള പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്. ബുർക്കിന ഫാസോയിലെ ഫാഡ എൻ'ഗൗർമ രൂപത വൈദികനായ ഫാ. എറ്റിയെൻ ടാൻഡംബ, റൈഡൗട്ടിന്റെ മോചനത്തിനായി പ്രാർത്ഥനകൾ അഭ്യർത്ഥിച്ചു. സുരക്ഷിത മോചനത്തിനായി സഭ പ്രാര്‍ത്ഥന തുടരുകയാണ്.

ജിഹാദികളുടെ സാന്നിധ്യം കാരണം നൈജറിനെപ്പോലെ ബുർക്കിന ഫാസോയും അരക്ഷിതാവസ്ഥയും വെല്ലുവിളികളും നേരിടുകയാണെന്നു ഫാഡ എൻ'ഗൗർമ രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കൂടിയായ ടാൻഡംബ എസിഐ ആഫ്രിക്കയോട് പറഞ്ഞു.

2021, 2022, 2023 വർഷങ്ങളിലെ അട്ടിമറികളെത്തുടർന്ന് മാലി, ബുർക്കിന ഫാസോ, നൈജർ എന്നിവയെല്ലാം സൈനിക ഭരണത്തിന് കീഴിലായിരിന്നു. സഹേൽ മേഖലയിലെ അരക്ഷിതാവസ്ഥ വഷളാകുന്നതിനിടെയാണ് നൈജറിൽ മിഷ്ണറിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. യുഎസ് ആസ്ഥാനമായുള്ള സെർവിംഗ് ഇൻ മിഷൻ ഓർഗനൈസേഷന്റെ പൈലറ്റായി ജോലി ചെയ്തിരുന്ന അദ്ദേഹം മിഷ്ണറി പ്രവര്‍ത്തനങ്ങളില്‍ തീക്ഷ്ണതയോടെ ഏര്‍പ്പെട്ടിരിന്നു.


Related Articles »