News - 2026
"ഇൻ യുണിത്താത്തെ ഫിദെയി"; നിഖ്യ സൂനഹദോസ് സ്മരണയിൽ പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം
പ്രവാചകശബ്ദം 25-11-2025 - Tuesday
വത്തിക്കാന്‍ സിറ്റി: നിഖ്യ എക്യൂമെനിക്കൽ കൗൺസിലിന്റെ ആയിരത്തിയെഴുനൂറാമത് വാർഷികത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ പാപ്പ പുതിയ അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചു. ഐക്യവും, അനുരഞ്ജനവും കൈവരിക്കാൻ ഒരുമിച്ച് നടക്കാൻ, ഭാവിയെ ലക്ഷ്യംവച്ചുള്ള ഒരു എക്യൂമെനിസത്തിനായി, വിശ്വാസികളെ ആഹ്വാനം ചെയ്തുകൊണ്ടു "ഇൻ യുണിത്താത്തെ ഫിദെയി" എന്ന പേരിലാണ് അപ്പസ്തോലിക ലേഖനം പുറത്തിറക്കിയിരിക്കുന്നത്. സർവശക്തനായ ദൈവത്തിൽ, സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവിൽ വിശ്വാസം പ്രഖ്യാപിക്കുന്നതിലൂടെ ആരംഭിക്കുന്ന നിഖ്യാ വിശ്വാസപ്രമാണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഓരോരുത്തരും തങ്ങളുടെ മനസ്സാക്ഷിയെ പരിശോധിക്കുവാൻ പാപ്പ ലേഖനത്തിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.
"ദൈവം എനിക്ക് എന്താണ് അർത്ഥമാക്കുന്നത്, അവനിലുള്ള എന്റെ വിശ്വാസത്തിന് ഞാൻ എങ്ങനെ സാക്ഷ്യം വഹിക്കും?, എല്ലാ സൃഷ്ടികളിലും എനിക്ക് കണ്ടെത്താൻ കഴിയുന്ന അവന്റെ അടയാളങ്ങൾ ഉണ്ടോ? എല്ലാവരുടെയും ഉടമസ്ഥതയിലുള്ള ഭൂമിയുടെ വസ്തുക്കൾ നീതിയുക്തമായ രീതിയിൽ പങ്കിടാൻ ഞാൻ തയ്യാറാണോ?" മനുഷ്യരാശിയുടെ പൊതു ഭവനമായി അതിനെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നതിനുപകരം, ഞാൻ സൃഷ്ടിയെ ചൂഷണം ചെയ്യുകയാണോ, നശിപ്പിക്കുകയാണോ? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങൾ ലേഖനത്തിൽ പാപ്പ ഉയര്‍ത്തുന്നുണ്ട്. ക്രിസ്തീയ വിശ്വാസത്തിന്റെ കാതൽ ദൈവപുത്രനായ യേശുക്രിസ്തുവിലുള്ള വിശ്വാസപ്രഖ്യാപനമാണ് എന്നുള്ള നിഖ്യാസൂനഹദോസിന്റെ ചൈതന്യം പാപ്പ അപ്പസ്തോലിക ലേഖനത്തില്‍ ആവർത്തിച്ചു.
നിരവധി ആശങ്കകൾക്കും ഭയങ്ങൾക്കും, യുദ്ധത്തിന്റെയും അക്രമത്തിന്റെയും ഭീഷണികൾക്കും, പ്രകൃതി ദുരന്തങ്ങൾക്കും, ഗുരുതരമായ അനീതികൾക്കും അസന്തുലിതാവസ്ഥകൾക്കും, ദശലക്ഷക്കണക്കിന് ആളുകൾ അനുഭവിക്കുന്ന വിശപ്പിനും ദാരിദ്ര്യത്തിനും ഇടയിൽ, ഐക്യത്തിന്റെ ഈ വിശ്വാസപ്രമാണമാണ് നമുക്ക് പ്രത്യാശ നൽകുന്നതെന്നും പാപ്പാ ലേഖനത്തിൽ അടിവരയിട്ടു ഓര്‍മ്മിപ്പിക്കുന്നുണ്ട്. പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥനയോടെയാണ് ലേഖനം ഉപസംഹരിക്കുന്നത്. ഒന്നാം നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികാഘോഷത്തോടനുബന്ധിച്ചു നവംബർ 27ന് പാപ്പ തുര്‍ക്കിയിലേക്ക് യാത്ര തിരിക്കുന്നുണ്ട്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?

















