News

"ജപമാലയുടെ അപ്പസ്തോലൻ" ഉള്‍പ്പെടെ തിരുസഭയ്ക്കു 7 വിശുദ്ധര്‍ കൂടി

പ്രവാചകശബ്ദം 20-10-2025 - Monday

വത്തിക്കാന്‍ സിറ്റി: ഇന്നലെ മിഷന്‍ ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ഏകദേശം 70,000 വിശ്വാസികളെ സാക്ഷിയാക്കി, ലെയോ പതിനാലാമൻ മാർപാപ്പ ഏഴ് പുതിയ വിശുദ്ധരെ പ്രഖ്യാപിച്ചു. വെനിസ്വേല, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളിൽ നിന്നുള്ള പ്രഥമ വിശുദ്ധരും സാത്താനിക പ്രസ്ഥാനത്തില്‍ ചെലവഴിച്ചതിന് ശേഷം മാനസാന്തരപ്പെടുകയും "ജപമാലയുടെ അപ്പോസ്തലൻ" എന്ന വിശേഷണം നേടുകയും ചെയ്ത ബാർട്ടോലോ ലോംഗോ ഉള്‍പ്പെടെ 7 വാഴ്ത്തപ്പെട്ടവരാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുന്നത്.

ഇന്ന് നമ്മുടെ മുമ്പിൽ ഏഴ് സാക്ഷികളുണ്ടെന്നും പുതിയ വിശുദ്ധന്മാർ, ദൈവകൃപയാൽ വിശ്വാസത്തിന്റെ വിളക്ക് കത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ ഇന്നലെ വിശുദ്ധ കുര്‍ബാനയ്ക്കിടെയുള്ള തന്റെ പ്രസംഗത്തിൽ പറഞ്ഞു. അവരുടെ മധ്യസ്ഥത നമ്മുടെ പരീക്ഷണങ്ങളിൽ നമ്മെ സഹായിക്കട്ടെ, അവരുടെ മാതൃക വിശുദ്ധിയിലേക്കുള്ള നമ്മുടെ വിളിയിൽ പ്രചോദനമാകട്ടെ- പാപ്പ പറഞ്ഞു.

വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിനിടെ വിവിധ പതാകകള്‍ ഉയര്‍ത്തി വിശ്വാസികള്‍ സന്തോഷം പ്രകടിപ്പിച്ചു. രാജ്യത്തെ രണ്ട് പ്രിയപ്പെട്ട വ്യക്തികളെ പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന് നേരിട്ടു സാക്ഷികളാകാന്‍ വെനിസ്വേലയില്‍ നിന്നുള്ള നിരവധി വിശ്വാസികള്‍ എത്തിയിരിന്നു. "പാവങ്ങളുടെ ഡോക്ടർ" എന്നറിയപ്പെടുന്ന വിശുദ്ധ ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ് സിസ്‌നെറോസ്, ഇടതുകൈയില്ലാതെ ജനിച്ച വിശുദ്ധ മരിയ ഡെൽ കാർമെൻ റെൻഡിൽസ് മാർട്ടിനെസ് എന്നീ വിശുദ്ധരെയാണ് തിരുസഭ വെനിസ്വേലയ്ക്കും ആഗോള സഭയ്ക്കും സമ്മാനിച്ചത്.

പുതിയ വിശുദ്ധന്മാരിൽ രണ്ട് രക്തസാക്ഷികളും ഉൾപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജാപ്പനീസ് അധിനിവേശകാലത്ത് പാപുവ ന്യൂ ഗിനിയയിൽ രക്തസാക്ഷിത്വം വരിച്ച മതബോധന അധ്യാപകനായ പീറ്റർ ടു റോട്ട്, രാജ്യത്തെ ആദ്യത്തെ വിശുദ്ധനായി. ബഹുഭാര്യത്വം അനുവദിച്ച ജാപ്പനീസ് അധികാരികളെ വെല്ലുവിളിച്ച അദ്ദേഹം മരണം വരെ ക്രിസ്ത്യൻ വിവാഹത്തിന്റെ മൂല്യങ്ങള്‍ക്കായി ശക്തമായി നിലകൊണ്ടു.

അർമേനിയൻ വംശഹത്യയ്ക്കിടെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്ന് ക്രൂരമായി പീഡിപ്പിക്കപ്പെട്ട അർമേനിയൻ കത്തോലിക്കാ ആർച്ച് ബിഷപ്പായ വിശുദ്ധ ഇഗ്നേഷ്യസ് മലോയനും വിശുദ്ധ പദവിയിലേക്ക് ചേര്‍ക്കപ്പെട്ടു. "എന്റെ വിശ്വാസത്തിനുവേണ്ടിയുള്ള എന്റെ രക്തം ചിന്തുന്നത് എന്റെ ഹൃദയത്തിലെ ഏറ്റവും മധുരമുള്ള ആഗ്രഹമായി ഞാൻ കരുതുന്നു," - എന്നായിരിന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍.

പുതിയ വിശുദ്ധരിൽ ഏറെ ശ്രദ്ധേയനാണ് പത്തൊൻപതാം നൂറ്റാണ്ടിലെ ഇറ്റാലിയൻ അഭിഭാഷകനായ വിശുദ്ധ ബാർട്ടോലോ ലോംഗോ. പില്‍ക്കാലത്ത് തന്റെ വിശ്വാസം ഉപേക്ഷിച്ച് സാത്താന്‍ സേവകരുടെ ഇടയിലേക്ക് പോയ അദ്ദേഹം പിന്നീട് മാനസാന്തരപ്പെടുകയും സഭയിലേക്ക് മടങ്ങുകയും ചെയ്തു. പരിവർത്തനത്തിനുശേഷം, ലോംഗോ ജപമാല പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ചു, ഇപ്പോൾ ഇറ്റലിയിലെ ഏറ്റവും പ്രിയപ്പെട്ട മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ പോംപൈയിൽ ഔവർ ലേഡി ഓഫ് ദി റോസറി ദേവാലയം നിർമ്മിച്ചതും ഇദ്ദേഹമായിരിന്നു. കാർമെൻ എലേന റെന്തീലെസ് മർത്തീനെസ് , മരിയ ത്രൊങ്കാത്തി, വിൻചേൻത്സ മരിയ പൊളോണി എന്നിവരാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മറ്റുള്ളവര്‍.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »