News - 2026

ലെയോ പാപ്പയുടെ തുര്‍ക്കി സന്ദര്‍ശനം ഇന്ന് മുതല്‍; പ്രഥമ അപ്പസ്തോലിക യാത്രയ്ക്കു പ്രാർത്ഥന യാചിച്ച് ലെയോ പാപ്പ

പ്രവാചകശബ്ദം 27-11-2025 - Thursday

വത്തിക്കാന്‍ സിറ്റി: തുർക്കിയിലേക്കും ലെബനോനിലേക്കും നടത്തുന്ന തന്റെ പ്രഥമ അപ്പസ്തോലിക യാത്രയിൽ പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ലെയോ പതിനാലാമൻ പാപ്പ. വത്തിക്കാനിൽ ഇന്നലെ നവംബർ 26 ബുധനാഴ്ച അനുവദിച്ച പൊതുകൂടിക്കാഴ്ച വേളയിലാണ് ഇന്നു വ്യാഴാഴ്ച മുതൽ ഡിസംബർ 2 വരെ നീളുന്ന ഈ യാത്രയ്ക്ക് പ്രാർത്ഥനാസഹായം പരിശുദ്ധ പിതാവ് അഭ്യർത്ഥിച്ചത്. സമ്പന്നമായ ചരിത്രവും ആധ്യാത്മികതയുമുള്ള തുർക്കിയിലെയും ലെബനോനിലെയും പ്രിയപ്പെട്ട ജനങ്ങളെ കാണാനായി താൻ യാത്ര ആരംഭിക്കുകയാണെന്ന് ഓർമ്മിപ്പിച്ച പാപ്പ, നിഖ്യായിൽ നടന്ന ഒന്നാം എക്യൂമെനിക്കൽ കൗൺസിലിന്റെ ആയിരത്തിയെഴുനൂറാം വാർഷികം കൂടിയാണ് ഇതെന്ന കാര്യവും എടുത്തു പറഞ്ഞു.

അവിടെയുള്ള കത്തോലിക്ക സമൂഹങ്ങളെയും ക്രൈസ്തവരും മറ്റ് മതവിശ്വാസികളുമായ സഹോദരങ്ങളെയും കാണാനാണ് താൻ അവിടേക്ക് പോകുന്നതെന്നും പാപ്പ വിശദീകരിച്ചു. ഇന്ന് വൈകീട്ട് മൂന്നു മണിയോടെ തുർക്കി തലസ്ഥാനമായ അങ്കാരയിൽ എത്തുന്ന മാർപാപ്പ പ്രസിഡന്‍റ് എർദോഗനുമായി കൂടിക്കാഴ്‌ച നടത്തും. വൈകുന്നേരം ഇസ്താംബൂളിലേക്കു പോകുന്ന മാർപാപ്പ 28ന് അവിടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇസ്‌താംബൂളിലെ ഹോളി സ്പ‌ിരിറ്റ് കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദികർ, സന്യസ്‌തർ, ഡീക്കന്മാർ, അല്‍മായ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

തുടർന്ന് സ്‌നിക് എന്ന് ഇപ്പോൾ അറിയപ്പെടുന്ന നിഖ്യായിലേക്ക് പോകും. അവിടെ പുരാതനമായ വിശുദ്ധ നെഫിതോസ് ബസിലിക്കയുടെ അവശിഷ്‌ടങ്ങൾക്കു സമീപം നടക്കുന്ന എക്യുമെനിക്കൽ പ്രാർത്ഥനയിൽ പങ്കെടുക്കും. തുടർന്ന് ഇസ്താംബൂളിലേക്ക് മടങ്ങുന്ന മാർപാപ്പ അവിടെ ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച നടത്തും. 29ന് രാവിലെ സുൽത്താൻ അഹമ്മദ് മോസ്ക് സന്ദർശിക്കും. തുടർന്ന് മാർ എഫ്രേം സിറിയക് ഓർത്തഡോക്‌സ് പള്ളിയിൽ പ്രദേശത്തെ ക്രിസ്‌ത്യൻ നേതാക്കളുമായി കൂടിക്കാഴ്ച.

വൈകുന്നേരം കോൺസ്റ്റാൻ്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസിൻ്റെ ആസ്ഥാന ദേവാലയമായ സെൻ്റ് ജോർജ് പാത്രിയാർക്കൽ പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കും. തുടർന്ന് പാത്രിയാർക്കൽ കൊട്ടാരത്തിൽ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമനുമായി കൂടിക്കാഴ്ച‌. 30ന് രാവിലെ അർമേനിയൻ അപ്പസ്തോലിക് കത്തീഡ്രലിൽ പ്രാർത്ഥനയോടെ മാർപാപ്പയുടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് സെന്റ് ജോർജ് പാത്രിയാർക്കൽ പള്ളിയിൽ ആരാധനയിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് ഇസ്‌താംബൂളിലെ അതാതുർക്ക് വിമാനത്താവളത്തിൽ മാർപാപ്പയ്ക്ക് യാത്രയയപ്പ് നൽകും.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍


Related Articles »