News - 2026
"പ്രത്യാശയുടെ പുതിയ ഭൂപടങ്ങൾ രൂപകല്പന ചെയ്യുക": ലെയോ പാപ്പയുടെ പുതിയ അപ്പസ്തോലിക ലേഖനം പുറത്തിറക്കി
പ്രവാചകശബ്ദം 29-10-2025 - Wednesday
വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാർഷികത്തിൽ ലെയോ പതിനാലാമൻ പാപ്പ പുതിയ അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചു. "ഡിസെഞാരെ നോവേ മാപ്പേ ദി സ്പെരാൻസാ" (Disegnare nuove mappe di speranza) അഥവാ "പ്രത്യാശയുടെ പുതിയ ഭൂപടങ്ങൾ രൂപകല്പന ചെയ്യുക" എന്ന പേരിലാണ് അപ്പസ്തോലിക ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിരവധി പ്രതിസന്ധികളും ദിശാബോധമില്ലാത്ത അനിശ്ചിതത്വങ്ങളുടെയും പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മേഖലകൾ ക്രിസ്തുവിന്റെ വചനത്താൽ നയിക്കപ്പെടാൻ അനുവദിക്കണമെന്നു പാപ്പ ലേഖനത്തിൽ അടിവരയിട്ടു പറയുന്നുണ്ട്.
യുദ്ധങ്ങൾ, കുടിയേറ്റങ്ങൾ, അസമത്വങ്ങൾ, വിവിധ തരത്തിലുള്ള ദാരിദ്ര്യം എന്നിവ മൂലമുണ്ടായ വിദ്യാഭ്യാസ അടിയന്തരാവസ്ഥയുടെ നാടകീയമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ, വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പ്രതിബദ്ധതയോടെ സേവനം ചെയ്യുവാനുള്ള സഭയുടെ കടമയെയും ലേഖനം ഓർമ്മിപ്പിക്കുന്നു. ഇക്കാര്യത്തിൽ സഭ ഒരു നല്ല അമ്മയും അധ്യാപികയും ആണെന്നു പാപ്പ വിശേഷിപ്പിച്ചു. ഇത് യാഥാർഥ്യമാകുന്നത്, ആധിപത്യത്തിലൂടെയല്ല, മറിച്ച് സേവനത്തിലൂടെയാണെന്നും ലേഖനം എടുത്തുകാണിക്കുന്നു. ഡിജിറ്റൽ തലത്തിൽ അധ്യാപകരുടെ പരിശീലനം ശക്തിപ്പെടുത്തണമെന്നും സാങ്കേതിക പുരോഗതി ദൈവത്തിന്റെ സൃഷ്ടി പദ്ധതിയുടെ ഭാഗമാണെന്നും, അതിനാൽ അവയെ ശത്രുതാപരമായ ഒന്നായി കണക്കാക്കരുതെന്നും പാപ്പ കുറിച്ചു.
സാധാരണക്കാരുടെ വിദ്യാഭ്യാസത്തിനു വേണ്ടി സഭ നടത്തിയ അക്ഷീണമായ പ്രവർത്തനങ്ങളെയും, ആഗോള വിദ്യാഭ്യാസ തലത്തിൽ സഭ നൽകിയ സംഭാവനകളും പാപ്പ അപ്പസ്തോലിക ലേഖനത്തില്‍ ചൂണ്ടികാണിക്കുന്നുണ്ട്. ദരിദ്രരുടെ വിദ്യാഭ്യാസം, ക്രിസ്തീയ വിശ്വാസത്തിന്, ലഭിക്കുന്ന ഉപകാരമല്ല, മറിച്ച് ഒരു കടമയാണെന്നും വിദ്യാഭ്യാസം ഒരു കൂട്ടായ്മയുടെ പ്രവർത്തനം ആണെന്നും പാപ്പ വ്യക്തമാക്കി. വിശുദ്ധ തോമസ് അക്വിനാസിനൊപ്പം സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ സഹരക്ഷാധികാരിയായി വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ പ്രഖ്യാപിക്കുന്നതായും പാപ്പ ലേഖനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
















