News
ലെയോ പതിനാലാമൻ പാപ്പയുടെ പ്രഥമ അപ്പസ്തോലിക സന്ദർശനത്തിന്റെ വിശദാംശങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു
പ്രവാചകശബ്ദം 28-10-2025 - Tuesday
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പ വിദേശത്തേക്കു നടത്തുന്ന പ്രഥമ അപ്പസ്തോലിക സന്ദർശനത്തിന്റെ വിശദാംശങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു. തുർക്കി, ലെബനോൻ രാജ്യങ്ങളിലേക്കാണ് പ്രഥമ സന്ദർശനം. നവംബർ 27ന് യാത്ര തിരിക്കുന്ന മാർപാപ്പ ഡിസംബർ രണ്ടിന് മടങ്ങും. ഒന്നാം നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് തുർക്കി സന്ദർശനം. നവംബർ 27ന് തുർക്കി തലസ്ഥാനമായ അങ്കാരയിൽ എത്തുന്ന മാർപാപ്പ പ്രസിഡന്‍റ് എർദോഗനുമായി കൂടിക്കാഴ്‌ച നടത്തും.
വൈകുന്നേരം ഇസ്താംബൂളിലേക്കു പോകുന്ന മാർപാപ്പ 28ന് അവിടെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഇസ്‌താംബൂളിലെ ഹോളി സ്പിരിറ്റ് കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദികർ, സന്യസ്‌തർ, ഡീക്കന്മാർ, അല്‍മായ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് സ്‌നിക് എന്ന് ഇപ്പോൾ അറിയപ്പെടുന്ന നിഖ്യായിലേക്ക് പോകും. അവിടെ പുരാതനമായ വിശുദ്ധ നെഫിതോസ് ബസിലിക്കയുടെ അവശിഷ്‌ടങ്ങൾക്കു സമീപം നടക്കുന്ന എക്യുമെനിക്കൽ പ്രാർത്ഥനയിൽ പങ്കെടുക്കും. തുടർന്ന് ഇസ്താംബൂളിലേക്ക് മടങ്ങുന്ന മാർപാപ്പ അവിടെ ബിഷപ്പുമാരുമായി കൂടിക്കാഴ്‌ച നടത്തും. 29ന് രാവിലെ സുൽത്താൻ അഹമ്മദ് മോസ്ക് സന്ദർശിക്കും. തുടർന്ന് മാർ എഫ്രേം സിറിയക് ഓർത്തഡോക്‌സ് പള്ളിയിൽ പ്രദേശത്തെ ക്രിസ്‌ത്യൻ നേതാക്കളുമായി കൂടിക്കാഴ്ച.
വൈകുന്നേരം കോൺസ്റ്റാൻ്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസിൻ്റെ ആസ്ഥാന ദേവാലയമായ സെൻ്റ് ജോർജ് പാത്രിയാർക്കൽ പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കും. തുടർന്ന് പാത്രിയാർക്കൽ കൊട്ടാരത്തിൽ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമനുമായി കൂടിക്കാഴ്ച. 30ന് രാവിലെ അർമേനിയൻ അപ്പസ്തോലിക് കത്തീഡ്രലിൽ പ്രാർത്ഥനയോടെ മാർപാപ്പയുടെ പരിപാടികൾ ആരംഭിക്കും.
തുടർന്ന് സെന്റ് ജോർജ് പാത്രിയാർക്കൽ പള്ളിയിൽ ആരാധനയിൽ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് ഇസ്‌താംബൂളിലെ അറ്റാതുർക്ക് വിമാനത്താവ ളത്തിൽ മാർപാപ്പയ്ക്ക് യാത്രയയപ്പ് നൽകും. തുടർന്ന് ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലേക്കു പോകും. അവിടെയെത്തുന്ന മാർപാപ്പ പ്രസിഡൻ്റ്, പ്രധാനമന്ത്രി, മന്ത്രിമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് അന്നായയിലെ സെൻ്റ് മാറോൻ ആശ്രമത്തിൽ വിശുദ്ധ ചാർബെലിന്റെ കബറിടം സന്ദർശിക്കും. പിന്നീട് ഹാരിസയിലെ മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക് പോകുന്ന മാർപാപ്പ അവിടെ ബിഷപ്പുമാർ, വൈദികർ, സന്യസ്‌തർ, അല്മായ പ്രവർത്തകർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഉച്ചകഴിഞ്ഞ് ബെയ്റൂട്ടിലെ രക്തസാക്ഷി ചത്വരത്തിൽ എക്യുമെനിക്കൽ, മതാന്തര സമ്മേളനങ്ങളിൽ പങ്കെടുക്കും. യുവാക്കളുമായി കൂടിക്കാഴ്‌ച നടത്തും. യാത്രയുടെ അവസാന ദിവസമായ ഡിസംബർ 2 ചൊവ്വാഴ്ച, ജല്‍ എഡ് ഡിബിലെ ഡി ലാ ക്രോയിക്സ് ആശുപത്രി സന്ദർശനത്തോടെ ആരംഭിക്കും. തുടർന്ന് 2020 ലെ വിനാശകരമായ സ്ഫോടനം നടന്ന ബെയ്റൂട്ടിലെ തുറമുഖത്ത് മൗന പ്രാർത്ഥന നടത്തും. ലെയോ മാർപാപ്പ തന്റെ യാത്രയുടെ സമാപന ദിവ്യബലി ബെയ്റൂട്ട് വാട്ടർഫ്രണ്ടിൽ അർപ്പിക്കും. തുടർന്ന് യാത്ര തിരിക്കുന്ന പാപ്പ പ്രാദേശിക സമയം വൈകുന്നേരം 4:10 ന് റോമിൽ എത്തിച്ചേരും.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?


















