News - 2026

ബെലാറസിൽ തടവിലാക്കിയിരുന്ന രണ്ട് കത്തോലിക്കാ വൈദികർക്കു വത്തിക്കാന്‍ ഇടപെടലില്‍ മോചനം

പ്രവാചകശബ്ദം 22-11-2025 - Saturday

മിന്‍സ്ക്: കിഴക്കൻ യൂറോപ്യന്‍ രാജ്യമായ ബെലാറസിൽ അന്യായമായി തടവിലാക്കിയിരുന്ന രണ്ട് കത്തോലിക്കാ വൈദികർ മോചിതരായി. ഫാ. ഹെൻറിക് അകലോതോവിച്ചും ഫാ. അന്ദ്രേ യൂക്നിയേവിച്ചുമാണ് വത്തിക്കാന്റെ ഇടപെടലില്‍ മോചിതരായിരിക്കുന്നത്. ഇരുവരുടെയും മോചനത്തിനു പിന്നിൽ പ്രവർത്തിച്ച പരിശുദ്ധ സിംഹാസനത്തിനു ബെലാറസിലെ മെത്രാൻ സമിതി നന്ദി പ്രകടിപ്പിച്ചു. പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ അധ്യക്ഷൻ കർദ്ദിനാൾ ക്ലോഡിയോ ഗുഗെറോട്ടി കഴിഞ്ഞ ഒക്ടോബറിൽ രാജ്യത്തെത്തിയിരുന്നു.

വാലോസിനിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഇടവക വികാരി ഫാ. ഹെൻറിക് അകലോതോവിച് , അമലോത്ഭവമാതാവിന്റെ പേരിലുള്ള സന്ന്യാസസമൂഹാംഗവും (OMI), ഷുമിലിനോയിലുള്ള ഫാത്തിമ തീർത്ഥാടനകേന്ദ്രത്തിൽ സേവനമനുഷ്ഠിച്ചിരുന്ന വൈദികനുമായ ഫാ. അന്ദ്രേ യൂക്നിയേവിച് എന്നിവരെയാണ് സർക്കാർ സ്വതന്ത്രരാക്കിയത്. ബെലാറസും അമേരിക്കയും തമ്മിലുള്ള സംവാദങ്ങൾ പുനഃരാരംഭിച്ചതിലും പരിശുദ്ധ സിംഹാസനവുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടതിലും ബെലാറസ് മെത്രാൻസമിതി സന്തോഷം പ്രകടിപ്പിച്ചു.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ വൈദികര്‍ക്ക് മേല്‍ ഭരണകൂട അട്ടിമറി, ക്രിമിനൽ കുറ്റങ്ങൾ വ്യാജമായി ആരോപിക്കപ്പെട്ടാണ് 13 വർഷത്തെ തടവ് ശിക്ഷയ്ക്കു വിധിക്കപ്പെടുന്നത്. പരിശുദ്ധ പിതാവിന്റെ പ്രതിനിധി എന്ന നിലയിൽ, പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ഗുഗെറോട്ടി രാജ്യം സന്ദർശിച്ചതും, ഇരു രാജ്യങ്ങളും തമ്മിൽ കരാറുകളിലെത്തിയതും മോചനത്തില്‍ നിര്‍ണ്ണായകമായി. കരുണയുടെയും, പരിശുദ്ധ പിതാവിനോടുള്ള ബഹുമാനത്തിന്റെയും അടയാളമായാണ് ബെലാറസ് പ്രസിഡന്‍റ്, തടവിലായിരുന്ന രണ്ട് വൈദികരെ വിട്ടയക്കാൻ തീരുമാനിച്ചതെന്ന് മെത്രാൻ സമിതി തങ്ങളുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍






Related Articles »