News - 2026

നിക്കരാഗ്വേയിലെ നാലു രൂപതകളിലെ തിരുപ്പട്ട സ്വീകരണത്തിന് ഏകാധിപത്യ ഭരണകൂടത്തിന്റെ വിലക്ക്

പ്രവാചകശബ്ദം 13-03-2026 - Friday

മനാഗ്വേ: നിക്കരാഗ്വേൻ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയും ഭാര്യയും സഹ പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയും ചേർന്ന് നടത്തുന്ന ഏകാധിപത്യ ഭരണകൂടം കത്തോലിക്ക സഭയെ വേട്ടയാടുന്നത് തുടര്‍ക്കഥയാകുന്നു. നിക്കരാഗ്വേയിലെ നാല് രൂപതകളില്‍ വൈദികര്‍ക്കും ഡീക്കന്മാര്‍ക്കും പട്ട സ്വീകരണത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ നടപടി. ഈ രൂപതകളില്‍ നിന്നു ബിഷപ്പുമാർ നാടുകടത്തപ്പെട്ടിരിന്നു.

വർഷങ്ങളായി മതപീഡനങ്ങൾ നിറഞ്ഞ നിക്കരാഗ്വേയില്‍ അജപാലന പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നതാണ് നടപടി. ദൈവവിളികൾ ഏറെയുണ്ടെങ്കിലും രാജ്യത്തെ ജിനോടെഗ, സിയുന, മതഗൽപ, എസ്റ്റെലി എന്നീ രൂപതകളില്‍ നിലവില്‍ ബിഷപ്പുമാര്‍ ഇല്ല. ഇവരെയെല്ലാം ഏകാധിപത്യ ഭരണകൂടം നാടുകടത്തുകയായിരിന്നു. ഭരണകൂടവുമായി സഖ്യമുണ്ടാക്കിയ ഒരു മേയറെ വിമർശിച്ചതിനെ തുടർന്ന് രാജ്യത്തെ ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റായ ജിനോടെഗയിലെ ബിഷപ്പ് കാർലോസ് ഹെരേരയെ 2024 നവംബറിലാണ് നാടുകടത്തിയത്.

ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ നടപടികളെ ചോദ്യം ചെയ്ത മതഗൽപ രൂപതയുടെ അധ്യക്ഷനായ ബിഷപ്പായ റോളാൻഡോ അൽവാരസിനെ 18 മാസം തടങ്കലിലാക്കിയിരിന്നു. പിന്നീട് 2024 ജനുവരിയിൽ ഭരണകൂടം റോമിലേക്ക് നാടുകടത്തി. സിയുനയിലെ ബിഷപ്പ് ഇസിഡോറോ മോറയെയും സ്വേച്ഛാധിപത്യ ഭരണകൂടം ഇതിനിടെ നാടുകടത്തി. 2025-ൽ വൈദിക പഠനം പൂർത്തിയാക്കിയ ഏഴ് പൗരോഹിത്യ അര്‍ത്ഥികളും 2024-ൽ പഠനം പൂർത്തിയാക്കിയ മറ്റൊരു പൗരോഹിത്യ അര്‍ത്ഥികളുടെ ഗ്രൂപ്പും ഇപ്പോഴും തിരുപ്പട്ടം ലഭിക്കാൻ കാത്തിരിക്കുകയാണെന്നും നിക്കരാഗ്വേ സഭാവൃത്തങ്ങള്‍ പറയുന്നു. മറ്റ് ബിഷപ്പുമാര്‍ക്കു തിരുപ്പട്ടം നല്‍കാന്‍ കഴിയുമെങ്കിലും ഭരണകൂടം അതിനും തടയിട്ടിരിക്കുകയാണ്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »