Seasonal Reflections - 2026
നിസ്സംഗതയുടെ സംസ്കാരം വെടിഞ്ഞു വിട്ടുനൽകാൻ പരിശീലിക്കാം | ക്രൂശിതനിലേക്ക് | നോമ്പ് വിചിന്തനങ്ങൾ 26
സി. റെറ്റി ജോസ് എഫ്സിസി/ പ്രവാചകശബ്ദം 13-03-2026 - Friday
"അവർ അവന് മുപ്പതു വെള്ളിനാണയങ്ങൾ വാഗ്ദാനം ചെയ്തു" (മത്തായി 26:15).
രക്ഷാകര ചരിത്രത്തിലെ ഏറ്റവും വേദനാജനകമായ ഒരു ഉടമ്പടിയെയാണ് ഈ വചനം സൂചിപ്പിക്കുന്നത്. ദൈവപുത്രനെ വെറും മുപ്പതു വെള്ളിനാണയങ്ങൾക്ക് പണയപ്പെടുത്താൻ തയ്യാറായ ഒരു ശിഷ്യൻ്റെ ചിത്രം ഇവിടെ തെളിയുന്നു. പണത്തോടുള്ള അമിത മോഹം ദൈവസ്നേഹത്തെ എങ്ങനെ നശിപ്പിക്കുന്നു എന്നതിൻ്റെ ഉദാഹരണമായി സഭാപിതാക്കന്മാർ യൂദാസിനെ നമ്മുടെ മുൻപിൽ വരച്ചുകാട്ടുന്നത്. വിശുദ്ധ അഗസ്തിനോസിൻ്റെ അഭിപ്രായത്തിൽ, യൂദാസ് ഈശോയെ വിറ്റത് വെള്ളിനാണയങ്ങൾക്ക് വേണ്ടിയാണെങ്കിൽ, നാം പാപം ചെയ്യുമ്പോഴെല്ലാം താൽക്കാലിക സുഖങ്ങൾക്കായി ഈശോയെ വീണ്ടും വിൽക്കുകയാണ്.
"യൂദാസ് ക്രിസ്തുവിനെ വിറ്റു, എന്നാൽ ഈശോ നമ്മെ എല്ലാവരെയും തൻ്റെ രക്തത്താൽ വിലയ്ക്കെടുത്തു" എന്നു വിശുദ്ധ അബ്രോസ് പഠിപ്പിക്കുന്നു. പണമോ പദവിയോ ദൈവത്തിന് ഉപരിയായി പ്രതിഷ്ഠിക്കുമ്പോൾ നാം 'മുപ്പതു വെള്ളിനാണയങ്ങൾ' സ്വീകരിക്കുന്ന യൂദാസായി മാറുന്നു എന്ന് കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം (CCC 226) പഠിപ്പിക്കന്നു. അതിനാൽ അത് വിഗ്രഹാരാധനയുമാണ്.
ഫ്രാൻസിസ് മാർപാപ്പ "നിസ്സംഗതയുടെ സംസ്കാരം" (Culture of Indifference) പറയാറുണ്ട്. പണത്തിനുവേണ്ടി മനുഷ്യത്വത്തെയും വിശ്വാസത്തെയും ബലികഴിക്കുന്ന ആധുനിക ലോകത്തിലെ പ്രവണത യൂദാസിൻ്റെ മനോഭാവത്തിന് തുല്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. "നമ്മുടെ ഹൃദയം പണത്തോടൊപ്പമാണെങ്കിൽ നാം ദൈവത്തിൽ നിന്ന് അകലുന്നു" എന്ന് തിരിച്ചറിയുക.
വലിയ നോമ്പ് എന്നത് 'വിലപേശലുകളുടെ' കാലമല്ല, മറിച്ച് 'വിട്ടുനൽകലുകളുടെ' കാലമാണ്. യൂദാസ് ഈശോയെ നൽകി വെള്ളിനാണയങ്ങൾ വാങ്ങി; എന്നാൽ നാം നമ്മുടെ പാപങ്ങളെ നൽകി ദൈവത്തിൻ്റെ കരുണ വാങ്ങേണ്ട സമയമാണിത്.
ചതിയുടെ മുപ്പതു നാണയങ്ങൾ വലിച്ചെറിഞ്ഞ് പശ്ചാത്താപത്തോടെ കുരിശിൻ ചുവട്ടിലേക്ക് മടങ്ങിവരാൻ നോമ്പ് നമ്മെ ക്ഷണിക്കുന്നു. ഈ നോമ്പുകാലം നമ്മുടെ ഹൃദയങ്ങളിലെ 'യൂദാസുമാരെ' പുറത്താക്കി ക്രിസ്തുവിനെ മാത്രം പ്രതിഷ്ഠിക്കാനുള്ളതാകട്ടെ.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















