News - 2026
മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
പ്രവാചകശബ്ദം 05-11-2025 - Wednesday
കൊച്ചി: കേരള സഭയിലെ ആദ്യ സന്യാസിനിയും ഇന്ത്യയിലെ സ്ത്രീകൾക്കുവേണ്ടിയുള്ള പ്രഥമ കർമലീത്താ നിഷ്പാദുക സമൂഹത്തിന്റെ സ്ഥാപകയുമായ ധന്യ മദർ ഏലീശ്വായുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. എട്ടിന് ദേശീയ മരിയൻ തീർഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ വൈകുന്നേരം നാലിനാണ് ശുശ്രൂഷകൾ ആരംഭിക്കുന്നത്. ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രതിനിധി മലേഷ്യയിലെ പെനാങ് രൂപത മെത്രാൻ കർദിനാൾ ഡോ. സെബാസ്റ്റ്യൻ ഫ്രാൻസിസാണു പ്രഖ്യാപനം നടത്തുകയെന്ന് വരാപ്പുഴ സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ, സിടിസി മദർ ജനറൽ സിസ്റ്റർ ഷഹീല എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മദർ ഏലീശ്വയുടെ ഛായാചിത്രം, ലോഗോ, ദീപശിഖ എന്നിവയുടെ പ്രയാണങ്ങൾ 3.30ന് ബസിലിക്ക കവാടത്തിലെത്തും. തുടർന്നു കർദിനാൾമാരെയും മെത്രാന്മാരെയും സ്വീകരിക്കും. 4.30ന് ദിവ്യബലി ആരംഭിക്കും. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള അഭ്യർത്ഥന നടത്തും. തുടർന്നു വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം. കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് മദർ ഏലീശ്വായുടെ തിരുസ്വരൂപം അനാവരണം ചെയ്യും. മദറിന്റെ തിരുശേഷിപ്പ് ഔദ്യോഗികമായി ഏറ്റുവാങ്ങി അൾത്താരയിൽ പ്രതിഷ്‌ഠിക്കും. ദിവ്യബലിക്കുശേഷം വാഴ്ത്തപ്പെട്ട മദർ ഏലീശ്വയുടെ നൊവേന സിബിസിഐ അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പ്രകാശനം ചെയ്യും.
മദർ ഏലീശ്വയെ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ കാര്യാലയം 2023 നവംബർ എട്ടിനാണ് ധന്യപദവിയിലേക്ക് ഉയർത്തിയത്. വാഴ്ത്തപ്പെട്ടവളായി സാർവത്രിക സഭ അംഗീകരിക്കുന്നതോടെ മദറിന്റെ പേരിൽ പ്രാദേശിക സഭയിലെ വണക്കത്തിന് അനുമതി ലഭിക്കും. വരാപ്പുഴ അതിരൂപതയിലെ ദേവാലയങ്ങളിലും മദർ സ്ഥാപിച്ച തെരേസ്യൻ കാർമലൈറ്റ് സന്ന്യാസിനീസമൂഹത്തിന്റെ സെൻ്ററുകളിലും പ്രാദേശിക മെത്രാൻ സമിതിയുടെ അംഗീകാരത്തോടെ വാഴ്ത്തപ്പെട്ടവളുടെ തിരുസ്വരൂപം പ്രതിഷ്‌ഠിക്കാം. ആരാധനക്രമ കലണ്ടറിൽ ഉൾപ്പെടുത്തി തിരുനാൾ ആഘോഷിക്കുകയും തിരുശേഷിപ്പ് വണങ്ങുകയും പൊതുവണക്കം നടത്തുകയും ചെയ്യാനാകും.

















